keralapiravi celeberation-ex-ministers-governer

തിരുവനന്തപുരം: നിയസഭാങ്കണത്തിലെ കേരളപ്പിറവിദിനാഘോഷം വിവാദത്തില്‍. ഗവര്‍ണര്‍ക്കും മുന്‍ മുഖ്യമന്ത്രിമാര്‍ക്കും ആഘോഷചടങ്ങിലേക്ക് ക്ഷണമില്ല. വി.എസ്.അച്യുതാനന്ദന്‍, ഉമ്മന്‍ ചാണ്ടി എന്നിവരെ ചടങ്ങില്‍നിന്നും ഒഴിവാക്കി.

വിശിഷ്ടാതിഥികളായ 60 പേരുടെ പട്ടികയില്‍ ഇരുവരുടെയും പേരില്ല. കേരളപ്പിറവി വജ്ര ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ചു നിയമസഭയില്‍ ചേര്‍ന്ന പ്രത്യേക സമ്മേളനത്തിനുശേഷം ഇരുവരും വീടുകളിലേക്കു മടങ്ങി. ഗവര്‍ണറെയും ചടങ്ങില്‍ ക്ഷണിച്ചിരുന്നില്ല

പരിപാടിയില്‍ ക്ഷണിച്ചോയെന്നതിനെക്കുറിച്ച് ഇപ്പോള്‍ പ്രതികരിക്കാനില്ലെന്നു മുന്‍മുഖ്യമന്ത്രി എ.കെ.ആന്റണി പറഞ്ഞു. പരിപാടി നടക്കട്ടെ, അതിന്റെ ശോഭ കെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരളപ്പിറവിയുടെ അറുപതാം വാര്‍ഷികത്തോടനുബന്ധിച്ച് നിയമസഭയില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണറെ ക്ഷണിക്കാത്തതിനു വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയിരുന്നു.

ഗവര്‍ണറെ മറന്നിട്ടില്ല. ചടങ്ങില്‍ പ്രോട്ടോകോള്‍ പാലിക്കേണ്ടതിനാലാണ് ക്ഷണിക്കാത്തത്. ഗവര്‍ണര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ വേദിയില്‍ കുറച്ചു പേര്‍ക്ക് മാത്രമേ സീറ്റ് നല്‍കാന്‍ സാധിക്കൂ. പക്ഷേ ഈ വേദിയില്‍ 60 ല്‍ പരം ആളുകളുണ്ട്.

സ്പീക്കറുടെ അനുമതി വാങ്ങിയാലും കുറച്ചു പേരെക്കൂടി മാത്രമേ വേദിയില്‍ ഇരുത്താന്‍ കഴിയൂ. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടിയാണിത്. ഇതില്‍ ഗവര്‍ണറും പങ്കാളിയാകുമെന്നു വാര്‍ഷികാഘോഷച്ചടങ്ങില്‍ പിണറായി പറഞ്ഞു.

അറുപതാം വാര്‍ഷിക ആഘോഷത്തിന് ഗവര്‍ണറെ ക്ഷണിച്ചിട്ടില്ലെന്നും ഇതില്‍ അതൃപ്തനായ ഗവര്‍ണര്‍ സദാശിവം തുടര്‍ന്ന് ചെന്നൈയ്ക്ക് പോയെന്നുമാണ് പുറത്തുവരുന്ന വാര്‍ത്തകള്‍

Top