അരുവിക്കര പദ്ധതി; സര്‍ക്കാര്‍ തീരുമാനത്തില്‍ അതൃപ്തി അറിയിച്ച്‌ ജല അതോറിറ്റി

തിരുവനന്തപുരം: അരുവിക്കര കുപ്പിവെള്ള പദ്ധതി കിഡ്ക്കിന് നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ ജല അതോറിറ്റിക്ക് അതൃപ്തി. കുപ്പിവെള്ള പദ്ധതി ജല അതോറിറ്റിക്ക് നടപ്പാക്കാന്‍ കഴിയുമെന്നിരിക്കെ കിഡ്ക്കിനെ ഏല്‍പ്പിക്കുന്നതിനെതിരെ ജല അതോറിറ്റിയിലെ ജീവനക്കാര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി.

എന്നാല്‍ പദ്ധതി വേഗം യാഥാര്‍ത്ഥ്യമാക്കാനാണ് കിഡ്കിന് ഏല്‍പ്പിക്കുന്നതെന്ന് ജലവിഭവ വകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ജല അതോറിറ്റിയുടെ കീഴില്‍ അരുവിക്കരയില്‍ സ്ഥാപിക്കുന്ന കുപ്പിവെള്ള പദ്ധതി തെളിനീരിന്റെ നിര്‍മ്മാണവും വിപണനവും സംസ്ഥാന സര്‍ക്കാരിന്റെ തന്നെ കേരള ഇറിഗേഷന്‍ ഇന്‍ഫ്രാ സ്ട്രക്ച്ചര്‍ ഡെവലപ്‌മെന്റ്‌ കോര്‍പറേഷനെ ഏല്‍പ്പിക്കാനാണ് മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചത്.

കുപ്പിവെള്ള പ്ലാന്റ്‌ സ്ഥാപിക്കാന്‍ 2006 ല്‍ ജല അതോറിറ്റി ആരംഭിച്ചെങ്കിലും ഇതുവരെ കുപ്പിവെള്ളം വിപണിയിലിറക്കാന്‍ കഴിഞ്ഞിട്ടില്ല. ബ്യറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഴ്‌സിന്റെയും ഫുഡ് ആന്‍ സേഫ്റ്റി ഓര്‍ഗനൈസേഷന്റെയും സര്‍ട്ടിഫിക്കറ്റുകള്‍ നേടാനും ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതിനെ തുടര്‍ന്നാണ് കിഡ്കിന് നിര്‍മാണ ചുമതല നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

Top