ദേശീയ സീനിയർ വനിതാ ഫുട്ബോൾ: കേരളം ഇന്നിറങ്ങുന്നു

കോഴിക്കോട് : ദേശീയ സീനിയർ വനിതാ ഫുട്ബോൾ ചാംപ്യൻഷിപ്പിൽ കന്നിക്കിരീടം ലക്ഷ്യമിട്ടു കേരളം ഇന്നിറങ്ങുന്നു. സംസ്ഥാനം ആദ്യമായി ആതിഥ്യമരുളുന്ന ചാംപ്യൻഷിപ്പിന്റെ ആദ്യദിനം കേരളത്തിന്റെ എതിരാളികൾ കരുത്തരായ മിസോറമാണ്. കോർപറേഷൻ സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് 2.30നാണു കിക്കോഫ്. 30ന് ഉത്തരാഖണ്ഡിനെതിരെയും ഡിസംബർ 2നു മധ്യപ്രദേശിനെതിരെയുമാണു ജി ഗ്രൂപ്പിൽ കേരളത്തിന്റെ മറ്റു മത്സരങ്ങൾ.

കേരളത്തിന്റെ എല്ലാ മത്സരങ്ങളും കോർപറേഷൻ സ്റ്റേഡിയത്തിലാണ്. അമൃത അരവിന്ദ് പരിശീലിപ്പിക്കുന്ന കേരള ടീമിന്റെ ക്യാപ്റ്റൻ ടി.നിഖിലയാണ്. 2015ൽ ദേശീയ ഗെയിംസിൽ സെമിയിലെത്തിയ കേരള ടീമിന്റെ ക്യാപ്റ്റനായിരുന്നു നിഖില.

കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയം, ഗവ. മെഡിക്കൽ കോളജ് സ്റ്റേഡിയം, കണ്ണൂർ കൂത്തുപറമ്പ് മുനിസിപ്പൽ സ്റ്റേഡിയം, തേഞ്ഞിപ്പലത്തെ കാലിക്കറ്റ് സർവകലാശാല സ്റ്റേഡിയം എന്നീ 4 വേദികളിലാണു മത്സരങ്ങൾ. നിലവിലെ ചാംപ്യൻമാരായ മണിപ്പുർ കൂത്തുപറമ്പിൽ രാവിലെ 9.30നു മേഘാലയയെ നേരിടും. 2.30: ദാമൻ ആൻഡ് ദിയു – പുതുച്ചേരി. കാലിക്കറ്റ് സർവകലാശാല സ്റ്റേഡിയത്തിൽ ഉച്ചയ്ക്കു 2.30നു ഛത്തീസ്ഗഡും ദാദ്ര നഗർ ഹവേലിയും ഏറ്റുമുട്ടും.

Top