ഹണി ട്രാപ്പ്; ബ്ലാക്ക്‌മെയില്‍ ചെയ്ത് പണവും കാറും തട്ടിയെടുത്ത കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍

കൊച്ചി: ഹണി ട്രാപ്പില്‍പ്പെടുത്തി ബ്ലാക്ക്‌മെയില്‍ ചെയ്ത് പണവും കാറും തട്ടിയെടുത്ത കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. കാക്കനാട് സ്വദേശിനി ജൂലി, പാലാരവട്ടം സ്വദേശി രന്‍ജീഷ് എന്നിവരെയാണ് കാക്കനാട് ഇന്‍ഫോപാര്‍ക് പൊലീസ് അറസ്റ്റ് ചെയ്തത്.

ഇരുവരും സുഹൃത്തുക്കളാണ്. കേസില്‍ ഇനിയും രണ്ട് പേരെക്കൂടി പിടികൂടാനുണ്ട്. ബിസിനസുകാരനായ യുവാവാണ് തട്ടിപ്പിനിരയായത്. കാക്കനാട്ടെ യുവതിയുടെ വീട്ടില്‍ യുവാവിനെയും ബന്ധുവിനെയും വിളിച്ചു വരുത്തിയ ശേഷമാണ് തട്ടിപ്പ് നടത്തിയത്. യുവാവിനെ നഗ്നനാക്കി നിര്‍ത്തിയ ശേഷം മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയും അഞ്ച് ലക്ഷം രൂപ തന്നില്ലെങ്കില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. യുവാവിന്റെ കാറും മൂന്ന് മൊബൈല്‍ ഫോണും തട്ടിയെടുത്തു.

പിന്നീട് രണ്ട് ദിവസങ്ങളിലായി അമ്പതിനായിരം രൂപയും 20,000 രൂപയും യുവാവ് നല്‍കി. ഇതിനിടെ യുവാവിന്റെ ചില സുഹൃത്തുക്കള്‍ക്ക് വീഡിയോ ദൃശ്യങ്ങള്‍ അയച്ചു കൊടുത്തു. ഇതോടെ ഇയാള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ജൂലിക്കും രന്‍ജിഷിനുമെതിരെ വെറെയും തട്ടിപ്പ് കേസുകള്‍ നിലവിലുണ്ട്. കേസില്‍ ഇവരുടെ കൂട്ടുപ്രതികള്‍ക്കായുള്ള അന്വേഷണം തുടരുകയാണ്.

Top