യുഎസില്‍ ട്രെക്കിങ്ങിനിടെ മലയാളി യുവദമ്പതികള്‍ക്ക് ദാരുണാന്ത്യം

കോട്ടയം: യുഎസിലെ കലിഫോര്‍ണിയയില്‍ ട്രെക്കിങ്ങിനിടെ സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച യുവ ദമ്പതികള്‍ കാല്‍വഴുതി കൊക്കയില്‍ വീണു മരിച്ചു.തലശേരി കതിരൂര്‍ ഭാവുകത്തില്‍ വിഷ്ണു (29), ഭാര്യ മീനാക്ഷി (29) എന്നിവരാണ് മരിച്ചത്. കതിരൂര്‍ ശ്രേയസ് ഹോസ്പിറ്റലിലെ ഡോ.എം.വി.വിശ്വനാഥ്, ഡോ.സി.സുഹാസിനി ദമ്ബതികളുടെ മകനാണ് വിഷ്ണു. കോട്ടയം തിരുനക്കര വാണിശ്രീയില്‍ എസ്.ആര്‍.മൂര്‍ത്തി – ചിത്ര ദമ്ബതികളുടെ മകളാണു മീനാക്ഷി.

കഴിഞ്ഞ ചൊവ്വാഴ്ച യോസാമിറ്റി നാഷനല്‍ പാര്‍ക്കിലെ ട്രെക്കിങ്ങിനിടെയാണ് അപകടം. 3000 അടി ഉയരത്തില്‍ നിന്നാണ് ഇരുവരും വീണത്.ഇന്നലെ പുലര്‍ച്ചെ യുഎസിലെ ഇന്ത്യന്‍ കോണ്‍സുലറ്റ് അധികൃതരാണു വിവരം ബന്ധുക്കളെ അറിയിച്ചത്. ട്രെക്കിങ്ങിനിടെ മലമുകളില്‍ നിന്നു സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെ പിന്നോട്ടു വീഴുകയായിരുന്നെന്നാണു ബന്ധുക്കള്‍ക്കു ലഭിച്ച വിവരം.

മൃതദേഹങ്ങള്‍ തിരിച്ചറിയാനാവാത്ത വിധം ചിതറിപ്പോയിരുന്നു. പോക്കറ്റില്‍ നിന്നു ലഭിച്ച ഡ്രൈവിങ് ലൈസന്‍സില്‍ നിന്നാണു മരിച്ചവര്‍ ഇന്ത്യാക്കാരാണെന്നു തിരിച്ചറിഞ്ഞത്.വിഷ്ണു കലിഫോര്‍ണയിലെ സിഡ്കോ സോഫ്റ്റ്വെയര്‍ കമ്പനി എന്‍ജിനീയറാണ്. മീനാക്ഷിയും ഐടി കമ്പനി ജീവനക്കാരിയാണ്.ഒരു വര്‍ഷം മുന്‍പാണ് ഇരുവരും നാട്ടില്‍ വന്നു പോയത്.

Top