അറ്റകുറ്റപ്പണി നടത്തി പണം നല്‍കിയില്ല; ഇന്ത്യന്‍ കപ്പലിനെതിരെ നോട്ടീസ്

കൊച്ചി: അറ്റകുറ്റപ്പണികള്‍ നടത്തി പണം നല്‍കാതെ മുങ്ങിയ ഇന്ത്യന്‍ എണ്ണക്കപ്പലിനെതിരെ ഹൈക്കോടതിയുടെ നോട്ടീസ്. കൊളംബോ കപ്പല്‍ ശാലയില്‍ അറ്റക്കുറ്റപ്പണി നടത്തി പണം നല്‍കാതെ മുങ്ങിയ കപ്പലാണ് പിടിച്ചെടുത്ത് ഹൈക്കോടതി നോട്ടീസ് പതിച്ചത്. കോസ്റ്റല്‍ പൊലീസിന്റെ സഹായത്തോടെയാണ് ഹൈക്കോടതി ആമീന്‍ കപ്പലില്‍ എത്തി നോട്ടീസ് പതിച്ചത്.

മുംബൈ ആസ്ഥാനമായ മെര്‍ക്കേറ്റര്‍ എന്ന കമ്പനിയുടെ എം.ടി ഹന്‍സ പ്രേം എന്ന കപ്പലിനെതിരെയാണ് കോടതി നടപടി. അയര്‍ലണ്ടില്‍ നിന്ന് മുംബൈ ആസ്ഥാനമായ എണ്ണക്കമ്പനി വാടകയ്ക്ക് എടുത്ത കപ്പലാണ് എം.ടി ഹന്‍സ പ്രേം. കഴിഞ്ഞ മെയില്‍ കപ്പല്‍ അറ്റകുറ്റപ്പണിയ്ക്കായി കൊളംബോ കപ്പല്‍ ശാലയില്‍ പ്രവേശിച്ചിരുന്നു. എന്നാല്‍ ജോലികള്‍ പൂര്‍ത്തിയായെങ്കിലും കരാര്‍ തുക നല്‍കാന്‍ കപ്പല്‍ കമ്പനി മാസങ്ങളായിട്ടും തയ്യാറായില്ല. 78.8 ലക്ഷം രൂപയാണ് നല്‍കേണ്ടത്.ഇതേ തുടര്‍ന്നാണ് കപ്പല്‍ശാല അധികൃതര്‍ ഇന്ത്യന്‍ എണ്ണക്കപ്പലിനെതിരെ കേരള ഹൈക്കോടതിയെ സമീപിച്ചത്.

ഈ മാസം രണ്ടിന് കൊച്ചിയിലേക്ക് ക്രൂഡോയില്‍ ശേഖരിക്കാന്‍ വരുന്നതിനിടെ കപ്പല്‍ ഫോര്‍ട്ട് കൊച്ചിയില്‍ നിന്ന് 13 നോട്ടിക്കല്‍ മൈല്‍ അകലെ കോസ് പൊലീസ് തടഞ്ഞുവെച്ചു. ഇന്ന് ഉച്ചയോടെ ഹൈക്കോടതി ആമീന്‍ ഫോര്‍ട്ട് കൊച്ചി കോസ്റ്റല്‍ പൊലീസ് സഹായത്തോടെ പുറങ്കടലിലെത്തി നോട്ടീസ് പതിച്ചു.

Top