സംസ്ഥാനത്ത് തുലാവർഷം കനക്കുന്നു ; പത്ത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പത്ത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്. തിങ്കളാഴ്ച വരെ കനത്ത മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ശക്തമായ ഇടിമിന്നലിനും സാധ്യത ഉള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു.

ഇടുക്കി, വയനാട്, മലപ്പുറം ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്.

തിരുവനന്തപുരത്ത് പൊന്മുടി, കല്ലാർ മേഖലകളിൽ ഇന്നലെ ആറ് മണിക്കൂർ തുടർച്ചയായി കനത്ത മഴ പെയ്തു. മലവെള്ളപാച്ചിലിൽ പൊന്നൻചുണ്ട്, മണലി പാലങ്ങൾ മുങ്ങി. കല്ലാർ, വാമനപുരം നദികൾ കരകവിഞ്ഞ് ഒഴുകുകയാണ്. കിള്ളിയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും ജില്ലാഭരണകൂടം അറിയിച്ചിട്ടുണ്ട്.

കോഴിക്കോട് ജില്ലയില്‍ ഇന്നലെ വൈകിട്ടുണ്ടായ കനത്ത മഴയില്‍ ഉരുള്‍ പൊട്ടലും മണ്ണിടിച്ചിലും. പലയിടത്തും വീടുകളില്‍ വെള്ളം കയറി. കൃഷിയിടങ്ങളും വെള്ളത്തിനടിയിലായി. കോഴിക്കോട് ജില്ലയില്‍ മലയോര മേഖലയിലടക്കം കനത്ത മഴ പെയ്തു. കോട്ടൂര്‍ പാത്തിപ്പാറ മലയില്‍ ഉരുള്‍ പൊട്ടി റോഡ് ഉള്‍പ്പെടെ തകര്‍ന്നു. ബാലുശേരി കണ്ണാടിപാറയില്‍ മണ്ണിടിച്ചില്‍ ഉണ്ടായി. മലവെള്ള പാച്ചിലില്‍ നിരവധി വീടുകളില്‍ വെള്ളം കയറി.

മലമ്പുഴ ഡാമിന്‍റെ നാല് ഷട്ടറുകൾ രണ്ട് സെന്‍റിമീറ്റര്‍ മുതൽ മൂന്ന് സെന്‍റീമീറ്റര്‍ വരെ ഇന്ന് ( 18/10/19) രാവിലെ തുറക്കും. മുക്കൈപ്പുഴ, കല്‍പ്പാത്തിപ്പുഴ, ഭാരതപ്പുഴ എന്നിവയുടെ തീരത്ത് താമസിക്കുന്നവരും പുഴയിൽ ഇറങ്ങുന്നവരും ജാഗ്രത പാലിക്കണം.

Top