കനത്തമഴയും ചുഴലിക്കാറ്റും തടയാന്‍ കേരളത്തില്‍ 2 റഡാറുകള്‍ കൂടി

കൊച്ചി: കനത്തമഴയില്‍ ദുരിതം ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ കേരളത്തിലെ കാലാവസ്ഥാ നിരീക്ഷണത്തിനായി രണ്ട് റഡാറുകള്‍ കൂടി സ്ഥാപിക്കുമെന്ന് ഭൗമ ശാസ്ത്ര മന്ത്രാലയം സെക്രട്ടറി എം.എന്. രാജീവന്‍. ഇതിനായി കേരള സര്‍ക്കാരുമായി സഹകരിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ നടക്കുന്ന കേരള സയന്‍സ് ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം.

ഐ.എസ്.ആര്‍.ഒ നിര്‍മിച്ച ഒരു എക്‌സ് ബാന്‍ഡ് റഡാറും ഒരു സി ബാന്‍ഡ് റഡാറുമാണ് കേരളത്തിലെ കാലാവസ്ഥാ വ്യതിയാനം മുന്‍കൂട്ടിയറിയാനും സമയബന്ധിതമായി മുന്നറിയിപ്പ് നല്‍കാനുമായി ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) സ്ഥാപിക്കാനൊരുങ്ങുന്നത്.

ഇതില്‍ എക്‌സ് ബാന്‍ഡ് റഡാര്‍ കണ്ണൂരിലാണ് സ്ഥാപിക്കുക. സി ബാന്‍ഡ് റഡാര്‍ മംഗളുരുവിലും സ്ഥാപിക്കും. ഈ റഡാറുകള്‍ കണ്ണൂര്‍, കാസര്‍കോഡ്, വയനാട്, കാസര്‍കോഡ് ഉള്‍പ്പെടുന്ന കേരളത്തിന്റെ ഉത്തരമേഖലയിലെ കാലാവസ്ഥാ നിരീക്ഷണത്തിനായി സഹായിക്കും. ഇത് കൂടാതെ അടുത്ത മണ്‍സൂണിന് മുമ്പായി നൂറ് ഓട്ടോമാറ്റിക് വെതര്‍ സ്റ്റേഷനുകള്‍ കൂടി കേരളത്തില്‍ സ്ഥാപിക്കാനാണ് തീരുമാനം.

കേന്ദ്ര കാലാസ്ഥാ വകുപ്പാണ് പുതിയ നിരീക്ഷണ സംവിധാനങ്ങള്‍ സ്ഥാപിക്കുകയെങ്കിലും ഇവ സംസ്ഥാന സര്‍ക്കാരിന് കൈമാറും. ഒരു മാസത്തിനുള്ളില്‍ പതിനഞ്ച് ഓട്ടോമാറ്റിക് വെതര്‍ സ്റ്റേഷനുകള്‍ സ്ഥാപിക്കും. ബാക്കിയുള്ള 85 എണ്ണം 2020 ജൂണിന് മുമ്പായി പൂര്‍ത്തിയാക്കും.

കനത്ത വെള്ളപ്പൊക്കത്തിനോ ചുഴലിക്കാറ്റിനോ കാലാവസ്ഥാ മുന്നറിയിപ്പ് ലഭിക്കുന്ന നിമിഷം അവര്‍ തയ്യാറാണ്. എല്ലാ നഗരങ്ങളിലും വെള്ളപ്പൊക്കം ഉണ്ടായ ഉടന്‍ വെള്ളം പുറന്തള്ളാന്‍ പമ്പുകളുണ്ട്. അതിനാല്‍ ദുരന്തങ്ങള്‍ കൈകാര്യം ചെയ്യുന്നതിലായിരിക്കണം ശ്രദ്ധയെന്നും രാജീവന്‍ കൂട്ടിച്ചേര്‍ത്തു. ഇംപാക്റ്റ് അടിസ്ഥാനമാക്കിയുള്ള പ്രവചനവുമായി ഐഎംഡി ഉടന്‍ വരുമെന്ന് അദ്ദേഹം പറഞ്ഞു.

Top