ഫാസ്ടാഗ് ഇന്നുമുതല്‍; ഗതാഗതക്കുരുക്കിന് വഴിവച്ചേക്കുമെന്ന് ആശങ്ക

തൃശ്ശൂര്‍: ഇന്ന് മുതല്‍ ടോള്‍ പ്ലാസകളില്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കും. ഒരു ട്രാക്ക് ഒഴികെ ബാക്കിയെല്ലാ ട്രാക്കുകളിലുമാണ് നടപ്പാക്കുക.ഫാസ്റ്റാഗില്ലാത്ത വാഹനങ്ങള്‍ ഈ ഒറ്റവരിയില്‍ പോകേണ്ടി വരും. പാലിയേക്കര ടോള്‍ പ്ലാസയില്‍ ഒരു വശത്തേയ്ക്ക് ആറ് ട്രാക്കുകളാണ് ഉള്ളത്. അതില്‍ ഇന്ന് മുതല്‍ അഞ്ചു ട്രാക്കുകളിലും ഫാസ്ടാഗ് കാര്‍ഡുണ്ടെങ്കിലേ കടന്നു പോകാന്‍ കഴിയൂ എന്ന് അധികൃതര്‍ അറിയിച്ചു.

ഫാസ്ടാഗ് നിര്‍ബന്ധമാക്കുന്നതോടെ പലയിടത്തും ഗതാഗതക്കുരുക്കിന് വഴിവച്ചേക്കുമെന്ന് ആശങ്കയുയരുന്നുണ്ട്.

നേരിട്ട് പണം കൈപ്പറ്റുന്ന ട്രാക്ക് ഒന്നു മാത്രമാണുള്ളത്. ദിവസേന കടന്നു പോകുന്ന 40000 വാഹനങ്ങളില്‍ 12,000 എണ്ണത്തിനു മാത്രമാണ് ഫാസ്ടാഗ് കാര്‍ഡുള്ളത്.

28,000 വാഹനങ്ങളും ഫാസ്റ്റാഗ് എടുത്തിട്ടില്ല. ഈ വാഹനങ്ങള്‍ ഒറ്റ ട്രാക്കില്‍ മാത്രം പോകേണ്ടി വരുമ്പോള്‍ സ്ഥിതി വഷളാകുകയും കിലോമീറ്റര്‍ നീളുന്ന വരി പ്രത്യക്ഷപ്പെടുകയും ചെയ്യും.

തൃശ്ശൂര്‍ പാലിയേക്കര ടോള്‍ പ്ലാസ കൂടാതെ വാളയാര്‍ പാമ്പന്‍പള്ളം ടോള്‍, അരൂര്‍ കുമ്പളം ടോള്‍, കൊച്ചി കണ്ടെയ്നര്‍ ടെര്‍മിനല്‍ റോഡിലെ പൊന്നാരിമംഗലം ടോള്‍ പ്ലാസ എന്നിവിടങ്ങളിലാണ് ഫാസ്ടാഗ് നടപ്പാക്കുന്നത്.

Top