ശബരിമലയും, ധിക്കാര സമീപനങ്ങളും ഇടതുപക്ഷത്തിന്റെ അടിവേര് തകർത്തു

തിരുവനന്തപുരം: ശബരിമലയില്‍ ബി.ജെ.പി വിതച്ചത് കൊയ്തെടുത്തത് കോണ്‍ഗ്രസ്. ചെങ്ങന്നൂരില്‍ സി.പി.എമ്മിനെ തുണച്ച ന്യൂനപക്ഷ ഏകീകരണം ഇത്തവണ കോണ്‍ഗ്രസിന് അനുകൂലമായി മറിഞ്ഞതോടെ കേരളത്തില്‍ സി.പി.എമ്മിനും ഇടതുമുന്നണിക്കും കനത്തപരാജയമാണ് നേരിടേണ്ടി വന്നിരിക്കുന്നത്.

ശബരിമലയിലെ സ്ത്രീപ്രവേശനവിഷയത്തിൽ കോണ്‍ഗ്രസിലെ ഹിന്ദുവോട്ടുകള്‍ ബി.ജെ.പി പിടിക്കുമ്പോള്‍ ന്യൂനപക്ഷ ഏകീകരണം ഇടതുമുന്നണിയെ തുണക്കുമെന്ന സി.പി.എം കണക്കുകൂട്ടലാണ് ഇത്തവണ പിഴച്ചത്.

എം.എല്‍.എമാരെ കൂട്ടത്തോടെ മത്സരരംഗത്തിറക്കി പ്രചരണരംഗത്ത് ആദ്യ ഘട്ടത്തിലുണ്ടാക്കിയ മേല്‍ക്കൈയ്യും നഷ്ടമാവുന്ന കാഴ്ചയാണ് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്. സംഘടനാസംവിധാനം തകര്‍ന്ന നിലയിലുള്ള കേരളത്തിലെ കോണ്‍ഗ്രസിന് പുതിയ ഊര്‍ജ്ജം പകരുന്നതാണ് ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം.

അടിയന്തിരാവസ്ഥക്ക് ശേഷം 1977ല്‍ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ 20തില്‍ 20 സീറ്റും യു.ഡി.എഫ് വിജയിച്ചതിന് സമാനമായ രാഷ്ട്രീയ മുന്നേറ്റമാണ് കേരളത്തിലുണ്ടായത്. ഏത് രാഷ്ട്രീയ സാഹചര്യത്തിലും ഇടതുപക്ഷത്തോടൊപ്പം ഉറച്ച് നിന്നിരുന്ന ആലത്തൂരും കാസര്‍ഗോഡും കൈവിട്ടത് സി.പി.എമ്മിന് വന്‍ പ്രഹരമായിട്ടുണ്ട്‌. 20ല്‍ 19 സീറ്റിലും യു.ഡി.എഫ് വിജയം ഉറപ്പിച്ച് കഴിഞ്ഞു. ആലപ്പുഴയില്‍ മാത്രമാണ് ഇഞ്ചോടിച്ച് പോരാട്ടം നടക്കുന്നത്. 4785 വോട്ട്കള്‍ക്ക് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ.എം. ആരിഫ് ആണ് മുന്നിട്ട് നില്‍ക്കുന്നത്.

ശബരിമലയിലെ സ്ത്രീപ്രവേശനം നവോത്ഥാനമുന്നേറ്റമായി ചിത്രീകരിച്ച് വനിതാമതില്‍ നിര്‍മ്മിച്ച ഇടതുപക്ഷത്തിന് ശക്തമായ തിരിച്ചടിയാണ് ലഭിച്ചത്. ഇടതുമുന്നണിക്കൊപ്പം നിന്നിരുന്ന ഹിന്ദുവിശ്വാസികളിലെ വലിയവിഭാഗം യു.ഡി.എഫിന് വോട്ടുമാറ്റിചെയ്തുവെന്നാണ് ഫല സൂചനകള്‍ നല്‍കുന്ന വിവരം.

ശബരിമല വിവാദം തിരുവനന്തപുരത്തും പത്തനംതിട്ടയിലും തൃശൂരിലും വിജയം സമ്മാനിക്കുമെന്ന ബി.ജെ.പി പ്രതീക്ഷയും തകര്‍ന്നടിഞ്ഞു. വിശ്വാസികളായ വോട്ടര്‍മാര്‍ ഇടതുമുന്നണിയുടെ പരാജയം ഉറപ്പിക്കുന്ന തരത്തിലാണ് വോട്ടു ചെയ്തത്.
2016ല്‍ ന്യൂനപക്ഷ ഏകീകരണമാണ് കേരളത്തില്‍ ഇടതുമുന്നണിക്ക് ഭരണം സമ്മാനിച്ചത്.മോദിക്കും ബി.ജെ.പിക്കും ബദലായി ഇടതുപക്ഷത്തെയാണ് മുസ്ലീം ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ കണ്ടത്.

എന്നാല്‍ ഇത്തവണ ന്യൂനപക്ഷ വോട്ടുബാങ്ക് ഇടതുപക്ഷത്തെ കൈവിട്ട് കോണ്‍ഗ്രസിനെ തുണക്കുകയായിരുന്നു. മുസ്ലീം ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ കോണ്‍ഗ്രസിനും യു.ഡി.എഫിനും അനുകൂലമായി നിലയുറപ്പിച്ചു. മലബാറില്‍ മുസ്ലീം ന്യൂനപക്ഷങ്ങള്‍ കൂട്ടത്തോടെ യു.ഡി.എഫ് ചേരിയിലേക്ക് മാറുകയായിരുന്നു.

നരേന്ദ്രമോദിക്കെതിരെ ശക്തനായ പ്രതിയോഗിയായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെയാണ് ന്യൂനപക്ഷങ്ങള്‍ കണ്ടത്. വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വവും ന്യൂനപക്ഷ വോട്ടുകളുടെ ഒഴുക്ക് കോണ്‍ഗ്രസിലേക്കാക്കി.
2018ല്‍ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പോടെ കേരളത്തിന്റെ രാഷ്ട്രീയ ഗതിവിഗതികള്‍ മാറിയെന്നു വിധിയെഴുതിയവര്‍ക്കുള്ള തിരിച്ചടികൂടിയാണ് ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം.

യു.ഡി.എഫ് അനുകൂല സ്വഭാവമുള്ള ചെങ്ങന്നൂരില്‍ സി.പി.എം ജില്ലാ സെക്രട്ടറിയായിരുന്ന സജി ചെറിയാന് 2016ല്‍ ലഭിച്ചതിന്റെ മൂന്നിരട്ടി ഭൂരിപക്ഷവുമായി 20,956 വോട്ടിനാണ് വിജയിച്ചത്. ക്രിസ്ത്യന്‍ ന്യൂനപക്ഷ വോട്ടുകള്‍ കൂട്ടത്തോടെ സി.പി.എമ്മിലേക്ക് മറിയുകയായിരുന്നു. ഇത് കേരളത്തില്‍ കോണ്‍ഗ്രസിന്റെ പതനത്തിന്റെ തുടക്കമായും വിലയിരുത്തപ്പെട്ടു. ചെങ്ങന്നൂരില്‍ ബി.ജെ.പിയും ഇടതുപക്ഷവും തമ്മിലാണ് മത്സരമെന്നാണ് സി.പി.എം പറഞ്ഞിരുന്നത്. ബി.ജെ.പി വോട്ടുപിടിച്ചാല്‍ അത് കോണ്‍ഗ്രസിന്റെ പരാജയമാകുമെന്നായിരുന്നു സി.പി.എം വിലയിരുത്തല്‍.

ശബരിമലയില്‍ സ്ത്രീപ്രവേശനം സാധ്യമാക്കിയപ്പോഴും കോണ്‍ഗ്രസ് വോട്ട് കൂട്ടത്തോടെ ബി.ജെ.പി പിടിക്കുകയും ന്യൂനപക്ഷ ഏകീകരണം ഇടതുമുന്നണിയെ തുണക്കുമെന്നായിരുന്നു കണക്കുകൂട്ടല്‍. അതാണ് ഇത്തവണ പിഴച്ചത്. ശബരിമല വിഷയം പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായും കേരളത്തില്‍ തെരഞ്ഞെടുപ്പ് വിഷയമായി ഉയര്‍ത്തിയപ്പോഴും അതിന്റെ നേട്ടം സ്വന്തമാക്കാന്‍ ബി.ജെ.പിക്ക് കഴിഞ്ഞില്ല.

ശബരിമലയില്‍ പരസ്യമായി ഇടതുസര്‍ക്കാരിനെതിരെ നിലപാടെടുത്ത എന്‍.എസ്.എസ് നേതൃത്വം വോട്ടിങില്‍ യു.ഡി.എഫ് അനുകൂല നിലപാടാണ് സ്വീകരിച്ചിരുന്നത്.

ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം മുഖ്യമന്ത്രി പിണറായി വിജയനും ഇടതുമുന്നണിക്കും കനത്ത തിരിച്ചടിയാണ് നല്‍കുന്നത്. പിണറായി വിജയനായിരുന്നു ഇടതുപക്ഷത്തിന്റെ പ്രചരണ നേതൃത്വം. പരാജയത്തില്‍ മറുപടിപറയേണ്ട ബാധ്യതയും മുഖ്യമന്ത്രിക്കാവും. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഒരു തികഞ്ഞ പരാജയമായിരുന്നു.

റിപ്പോർട്ട് :എം.വിനോദ്‌

Top