കേരളത്തിലെ നാല് ജില്ലകള്‍ റെഡ്‌സോണായി തുടരും; മറ്റ് ജില്ലകള്‍ ഓറഞ്ച് സോണായും

തിരുവനന്തപുരം: കേരളത്തിലെ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം എന്നീ നാല് ജില്ലകള്‍ റെഡ് സോണില്‍ തന്നെ തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മറ്റ് 10 ജില്ലകള്‍ ഓറഞ്ച് സോണില്‍ ആയിരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. റെഡ് സോണായി കണക്കാക്കുന്ന നാല് ജില്ലകളിലും നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരും. കൊവിഡ് 19 അവലോകന യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.

നിലിവല്‍ കണ്ണൂരില്‍ 2592 പേര്‍ കൊവിഡ് ബാധിച്ച് നിരീക്ഷണത്തിലുണ്ട്. കാസര്‍കോട് 3126 പേരും കോഴിക്കോട് 2770 പേരും നിരീക്ഷണത്തിലാണ്. മലപ്പുറത്ത് 2465 ആളുകളാണ് നിരീക്ഷണത്തിലുള്ളത്. പോസിറ്റീവ് കേസുകളൊന്നും ഇല്ലാതിരുന്നതു കൊണ്ട് കോട്ടയം, ഇടുക്കി ജില്ലകളെ ഗ്രീന്‍ സോണില്‍ പെടുത്തി ഇളവുകള്‍ നല്‍കിയിരുന്നു. എന്നാല്‍, ഇന്ന് പുതിയ കേസുകള്‍ സ്ഥിരീകരിച്ചതിനാല്‍ ഈ രണ്ട് ജില്ലകളെയും ഗ്രീന്‍ സോണില്‍ നിന്ന് മാറ്റി ഓറഞ്ച് സോണില്‍ ഉള്‍പ്പെടുത്തി.

ഓറഞ്ച് സോണിലുള്ള ജില്ലകളില്‍ ഹോട്ട് സ്‌പോട്ടുകളായ പഞ്ചായത്തുകള്‍ ഉണ്ട്. അതിനാല്‍ ആ പഞ്ചായത്തുകള്‍ അടച്ചിടും. മുനിസിപ്പാലിറ്റിയിലെ ഹോട്ട് സ്‌പോട്ടുകളില്‍ ആ വാര്‍ഡുകള്‍ അടച്ചിടും. കോര്‍പ്പറേഷന്‍ ആണെങ്കില്‍ ഡിവിഷനുകള്‍ അടച്ചിടുമെന്നും മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്കാണ് കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചത്. 8 പേര്‍ രോഗമുക്തരായിട്ടുണ്ട്.

Top