നിര്‍ഭയം മുന്നേറാം… സര്‍ക്കാര്‍ കൂടെയുണ്ട്, വനിതാ ദിനത്തിന് മുന്നോടിയായി മുഖ്യമന്ത്രിയുടെ കുറിപ്പ്

തിരുവനന്തപുരം: സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കുക എന്നതാണ് സര്‍ക്കാരിന്റെ പ്രഥമ പരിഗണനയിലുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അന്താരാഷ്ട്ര വനിതാ ദിനത്തിന് മുന്നോടിയായി സ്ത്രീ ശാക്തീകരണത്തിന്റെ പ്രാധാന്യം ഓര്‍മ്മിപ്പിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ഇക്കാര്യം അറിയിച്ചത്.

മുഖ്യമന്ത്രിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം…

മാര്‍ച്ച് 8 അന്താരാഷ്ട്ര വനിതാ ദിനമായി ആചരിക്കുകയാണ്. സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരങ്ങളുണ്ടാക്കുക എന്നത് സര്‍ക്കാരിന്റെ പ്രഥമ പരിഗണനകളിലൊന്നാണ്. അതുകൊണ്ടു തന്നെ സ്ത്രീ തുല്യതയ്ക്കും സുരക്ഷയ്ക്കും വിഘാതമാകുന്ന സാമൂഹിക പ്രവണതകള്‍ക്കെതിരെ കര്‍ശനമായ നിലപാട് എപ്പോളുമുണ്ടാകും. വനിതാ -ശിശു വികസന വകുപ്പ് രൂപീകരിച്ച് ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു.

ഈ ശ്രമങ്ങളെ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഈ വര്‍ഷം കേരള പോലീസ് വനിതകളുടെ സുരക്ഷയ്ക്ക് വേണ്ടിയുള്ള വര്‍ഷമായാണ് ആചരിക്കുന്നത്. പോലീസ് കേസന്വേഷണങ്ങളില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കാനും അവരുടെ സേവനം ഫലപ്രദമായി വിനിയോഗിക്കാനും തീരുമാനിച്ചിട്ടുണ്ട്. പ്രഗല്ഭരായ വനിതാ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി രൂപീകരിക്കുന്ന അന്വേഷണസംഘത്തിന് മേല്‍നോട്ടം വഹിക്കുന്നത് റേഞ്ച് ഡി.ഐ.ജിമാര്‍ ആയിരിക്കും. കൂടാതെ, സ്‌കൂള്‍, കോളേജ് പരിസരത്തും പൊതുസ്ഥലങ്ങളിലും വനിതകളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിന് വനിതാ ഉദ്യോഗസ്ഥര്‍ അടങ്ങുന്ന പോലീസ് പട്രോള്‍ സംഘങ്ങളെയും നിയോഗിച്ചിട്ടുണ്ട്. സ്ത്രീകളെ രാത്രികാലങ്ങളില്‍ പൊതുസ്ഥലങ്ങളില്‍ ഭയരഹിതമായി സഞ്ചരിക്കാന്‍ പ്രേരിപ്പിക്കുന്ന ‘സുരക്ഷിത’ എന്ന പരിപാടി പോലീസിന്റെ ആഭിമുഖ്യത്തില്‍ കൊല്ലം നഗരത്തില്‍ നടപ്പാക്കിയിരുന്നു. വന്‍വിജയമായിരുന്ന ഈ പരിപാടി എല്ലാ ജില്ലകളിലും നടപ്പാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

സ്ത്രീസുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് പൊതുസമൂഹത്തിന്റെ സര്‍വ്വാത്മനായുള്ള പിന്തുണ അത്യന്താപേക്ഷിതമാണ്. സ്ത്രീകളുടെ ടോയ്ലറ്റ് ഉള്‍പ്പെടെ ഉയര്‍ന്നു വന്ന വിഷയങ്ങളില്‍ ഈ വര്‍ഷം തന്നെ പരിഹാരം കാണാനാണ് ശ്രമം. സംസ്ഥാനത്തെ ആദ്യത്തെ വണ്‍ ഡേ ഹോം പ്രവര്‍ത്തനം ആരംഭിച്ചതും, അണ്‍എയിഡഡ് മേഖലയിലെ സ്ത്രീകള്‍ക്കും പ്രസവ അവധി ആനുകൂല്യം നിയമമാക്കിയതും വനിതാദിനത്തില്‍ സര്‍ക്കാരിന്റെ സമ്മാനമാണ്. സ്ത്രീകള്‍ നിര്‍ഭയരും സ്വതന്ത്രരും ആയിരുന്നാല്‍ മാത്രമേ നമ്മുടെ സമൂഹത്തിന്റെ പുരോഗമനം സാധ്യമാകൂ എന്ന് തിരിച്ചറിയുക. അതുകൊണ്ട് വനിതകള്‍ നമ്മുടെ സമൂഹത്തില്‍ നേരിടുന്ന അക്രമങ്ങള്‍ക്കും അവഗണനങ്ങള്‍ക്കും എതിരെ മുന്‍പന്തിയില്‍ ഉണ്ടാകുമെന്ന് നമുക്ക് ഈയവസരത്തില്‍ പ്രതിജ്ഞയെടുക്കാം.

Top