ക്രിസ്ത്യന്‍പള്ളികളില്‍ വിവാഹം നടത്താന്‍ അനുമതി; ഹോട്ടലുകളില്‍ പാര്‍സല്‍ സര്‍വീസ് സമയം നീട്ടി

തിരുവനന്തപുരം: 20 പേരില്‍ കൂടുതല്‍ പങ്കെടുക്കരുത് എന്ന നിര്‍ദ്ദേശം പാലിച്ച് ക്രിസ്ത്യന്‍ പള്ളികളില്‍ വിവാഹം നടത്താന്‍ അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നോമ്പുകാലത്ത് ഹോട്ടലുകളിലെ പാര്‍സല്‍ സര്‍വീസ് സമയം നീട്ടിയെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

രാത്രി 10 മണി വരെ പാര്‍സല്‍ നല്‍കാം. നിര്‍മ്മാണ പ്രവര്‍ത്തനത്തിന് ആവശ്യമായ സിമന്റ്, മണല്‍, കല്ല് തുടങ്ങിയവ കിട്ടാന്‍ പ്രയാസമുണ്ട്. അതുകൊണ്ട് ക്വാറികള്‍ നിയന്ത്രണ വിധേയമായി പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കേന്ദ്ര സര്‍ക്കാര്‍ ഖനനം അനുവദിച്ചിട്ടുണ്ട്.

കടകളില്‍ സൂക്ഷിച്ച സിമന്റ് സംരക്ഷിക്കാന്‍ കടകള്‍ തുറക്കാന്‍ സൗകര്യം ഒരുക്കും. തൊഴിലുറപ്പ് പ്രവര്‍ത്തനങ്ങള്‍ നടത്താനും അനുമതി നല്‍കി. അഞ്ച് പേരുള്‍പ്പെട്ട ടീമിനാണ് അനുമതി. 60 വയസിന് മുകളിലുള്ളവര്‍ മേയ് മൂന്നുവരെ മാറി നില്‍ക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

വിദേശത്ത് അവശ്യമരുന്നുകള്‍ക്ക് ബുദ്ധിമുട്ട് പരിഹരിക്കാന്‍ നടപടി സ്വീകരിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. അത്തരത്തില്‍ മരുന്നെത്തിക്കാന്‍ കൊറിയര്‍ സര്‍വീസ് ലഭ്യമാക്കാമെന്ന് ഡിഎച്ച്എല്‍ കൊറിയര്‍ കമ്പനി നോര്‍ക്കാ റൂട്ട്‌സിനെ അറിയിച്ചിട്ടുണ്ട്. മരുന്നും ബില്ലുകളും കൊച്ചിയിലെ ഓഫീസിലെത്തിച്ചാല്‍ ഡോര്‍ ടു ഡെലിവറിയായി എത്തിക്കും. റെഡ്‌സോണ്‍ ഒഴികെയുള്ള ജില്ലകളില്‍ കമ്പനി രണ്ട് ദിവസത്തിനകം ഓഫീസ് തുറക്കുമെന്നും പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Top