വിഷുവും ഈസ്റ്ററുമെത്തി; കര്‍ശനമായി നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് 19 വൈറസിന്റെ സമൂഹ വ്യാപനത്തിനുള്ള സാധ്യതകള്‍ ഇനിയും തള്ളിക്കളയാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിനാല്‍ ഈസ്റ്ററിനും വിഷുവിനും കര്‍ശനമായി ശാരീരിക അകലം പാലിക്കണമെന്നും കടകളിലും ആരാധനകളിലും ഒരു കാരണവശാലും തിരക്കുണ്ടാകരുതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വളം, വിത്ത്, കീടനാശിനി കടകള്‍ക്ക് രാവിലെ 7 മുതല്‍ 11 വരെ പ്രവര്‍ത്തിക്കാമെന്നും സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ബുക്ക് ഷോപ്പുകള്‍ തുറക്കാന്‍ അനുമതി നല്‍കുന്ന കാര്യം പരിഗണനയിലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് കൊവിഡ് ബാധ സ്ഥിരീകരിച്ച് 100 ദിവസം പിന്നിട്ടു. കൊവിഡ് 19 ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായ എട്ട് വിദേശികളുടെ ജീവന്‍ രക്ഷിച്ച് നാട്ടിലേക്ക് തിരിച്ചെത്തിക്കാനായെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം എറണാകുളം മെഡിക്കല്‍ കോളേജുകളിലൊക്കെ ആണ് ചികിത്സ നല്‍കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഇന്ന് പന്ത്രണ്ട് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി അറിയിച്ചു. 11 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് വൈറസ് ബാധ. 13 പേരുടെ റിസള്‍ട്ട് നെഗറ്റീവായി. ഇത് വരെ 357 പേര്‍ക്ക് രോഗം സ്ഥീരികരിക്കുകയും 258 പേര്‍ ഇപ്പോള്‍ ചികിത്സയില്‍ കഴിയുകയും ചെയ്യുന്നുണ്ട്.

ഇതുവരെ 357 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 258 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 1,36,195 പേര്‍ സംസ്ഥാനത്ത് നിരീക്ഷണത്തിലുണ്ട്. വീടുകളില്‍ 135472 പേരും ആശുപത്രികളില്‍ 723 പേരും നിരീക്ഷണത്തിലുണ്ട്. 153 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. 11469 സാമ്പിളുകളില്‍ രോഗബാധയില്ലെന്ന് ഇന്ന് ഉറപ്പാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

Top