പ്രവാസികളെ തിരികെയെത്തിക്കാന്‍ പ്രത്യേക വിമാനമാവശ്യപ്പെട്ട് മുഖ്യമന്ത്രി

തിരുവനന്തപുരം: കൊറോണ വ്യാപനം തടയാന്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണില്‍ വിവിധ രാജ്യങ്ങളില്‍ കുടുങ്ങികിടക്കുന്ന
പ്രവാസികള്‍ക്ക് നാട്ടിലെത്താന്‍ പ്രത്യേക വിമാനം ഏര്‍പ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യര്‍ത്ഥിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രവാസികളെ എത്രയും വേഗം കേരളത്തില്‍ എത്തിക്കണമെന്ന് ആഗ്രഹമുണ്ട്. പ്രവാസികളുടെ പ്രശ്നം ആവര്‍ത്തിച്ച് പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ട്.

യാത്രാനിരോധനം മൂലം വിദേശങ്ങളില്‍ കുടുങ്ങിയവരില്‍ ഹൃസ്വകാല പരിപാടികള്‍ക്ക് പോയവരും സന്ദര്‍ശക വിസയില്‍ പോയവരുമുണ്ട്. വരുമാനം ഇല്ലാത്തതിനാല്‍ അവിടെ ജീവിതം അസാധ്യമാകുന്നു. ഇവര്‍ക്കും മറ്റ് അടിയന്തര ആവശ്യമുള്ളവരോ പ്രയാസങ്ങള്‍ നേരിടുന്നവരോ ആയ പ്രവാസികള്‍ക്ക് നാട്ടിലെത്താന്‍ പ്രത്യേക വിമാനം ഏര്‍പ്പെടുത്തണമെന്നാണ് പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

തിരികെ വരുന്നവരുടെ ടെസ്റ്റിംഗ്, ക്വാറന്റീന്‍ എന്നിവയ്ക്കുള്ള സൗകര്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുക്കും. ഇന്നത്തെ പ്രയാസകരമായ സാഹചര്യത്തില്‍ പ്രവാസികളുടെ കാര്യത്തില്‍ അനിവാര്യമായ ഇടപെടല്‍ വേണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രവാസികളുടെ കാര്യത്തില്‍ സുപ്രിംകോടതി വിധി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പ്രവാസികള്‍ മടങ്ങിയെത്തുമ്പോള്‍ അവര്‍ക്ക് സാധ്യമായ എല്ലാ സൗകര്യങ്ങളും സംസ്ഥാന സര്‍ക്കാര്‍ ഒരുക്കും. കൊവിഡ് സാഹചര്യത്തില്‍ ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തേണ്ടി വരുന്ന പ്രവാസികളെ സംരക്ഷിക്കാനും പുനരധിവസിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ കേന്ദ്രസര്‍ക്കാര്‍ തയാറാക്കണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Top