നിത്യവൃത്തിക്ക് ബുദ്ധിമുട്ടുന്നവരുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ; ആളുകളുടെ വിവരം അറിയിക്കണം

തിരുവനന്തപുരം: സംസ്ഥാനത്തെ നിലവിലെ സാഹചര്യത്തില്‍ നിത്യവൃത്തിക്ക് ബുദ്ധിമുട്ടുന്നവരുടെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധവേണമെന്ന് മുഖ്യമന്ത്രി. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട നിതൃവൃത്തിക്ക് വകയില്ലാത്ത ആളുകളുടെ വിവരങ്ങള്‍ വാര്‍ഡുതല സമിതികള്‍, വൊളന്റിയര്‍മാര്‍ തുടങ്ങിയവര്‍ കണ്ടെത്തുകയും ആവശ്യമായ സഹായങ്ങള്‍ നല്‍കണമെന്നും മുഖ്യമന്ത്രി അറിയിച്ചു. അവശതകള്‍ അനുഭവിക്കുന്ന പ്രായമായവര്‍ക്ക് ഭക്ഷണവും, മരുന്നും മറ്റ് ആവശ്യങ്ങളും ലഭ്യമാകണം. സഹായം ആവശ്യമായ ഭിന്നശേഷിക്കാരായ ആളുകളെക്കുറിച്ച് ധാരണ വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വീടുകളില്ലാതെ കടവരാന്തയിലും റോഡ് സൈഡിലും കിടന്നുറങ്ങുന്നവര്‍ക്ക് ഭക്ഷണത്തിനും കിടന്നുറങ്ങാനുമുള്ള സൗകര്യങ്ങള്‍ ഒരുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇത്തരക്കാരുടെ എണ്ണം കണക്കാക്കി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ അവരെ ഒരു കേന്ദ്രത്തിലാക്കുകയും ഭക്ഷണം നല്‍കുകയും വേണം. ഒറ്റയ്ക്ക് താമസിക്കുന്ന മുതിര്‍ന്ന പൗരന്മാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതോടൊപ്പം എല്ലാ സഹായവും ലഭ്യമാക്കാന്‍ എംഎല്‍എമാരുടെ മുന്‍കൈ ഉണ്ടാവാണം. പ്രാദേശികമായി ഐസൊലേഷന്‍ കേന്ദ്രങ്ങള്‍ ഉണ്ടാക്കേണ്ടി വരും. അതിനാവശ്യമായ കെട്ടിടങ്ങള്‍ കണ്ടെത്താന്‍ എംഎല്‍എ കൂടി ശ്രമിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

നിരീക്ഷണത്തിന് സൗകര്യമില്ലാത്തവരെ മാറ്റിതാമസിപ്പിക്കും. കൊവിഡ് ചികിത്സയ്ക്ക് സംസ്ഥാനത്ത് പ്രത്യേക ആശുപത്രികള്‍ സജ്ഞീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇത്തരം ആശുപത്രികളിലുള്ള മറ്റ് രോഗമുള്ളവരെ വേറെ ആശുപത്രികളിലേക്ക് മാറ്റും. മെറ്റേണിറ്റി ആശുപത്രി പോലുള്ളവ നിലനിര്‍ത്തിക്കൊണ്ട് കൊവിഡ് ചികിത്സയ്ക്ക് വിപുലമായ സംവിധാനമാണ് ഒരുക്കുന്നത്.

Top