ആ വാര്‍ത്ത കേട്ടത് ഞെട്ടലോടെ, ദേവനന്ദനയുടെ മരണത്തില്‍ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി

കൊല്ലം: കൊല്ലം ഇളവൂരില്‍ കാണാതായ ദേവനന്ദയുടെ മൃതദേഹം കണ്ടെത്തിയെന്ന വാര്‍ത്ത ഞെട്ടലോടെയാണ് കേട്ടതെന്നും കുട്ടിയുടെ വിയോഗം വേദനിപ്പിക്കുന്നതാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഏഴ് വയസുകാരിയുടെ മരണത്തില്‍ അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നതായി മുഖ്യമന്ത്രി അറിയിച്ചു. കുടുംബത്തിന്റെയും ഉറ്റവരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും അദ്ദേഹം അനുശോചനക്കുറിപ്പില്‍ അറിയിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം സ്‌കൂളിലും വീട്ടിലും പൊതുദര്‍ശനത്തിന് വച്ച ദേവനന്ദയുടെ മൃതദേഹം വൈകിട്ട് ആറരയോടെ കുടവട്ടൂരിലെ കുടുംബ വീട്ടില്‍ സംസ്‌കരിച്ചു.

നൂറ് കണക്കിന് ആളുകളാണ് ദേവനന്ദയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍, സ്‌കൂളിലും വീട്ടിലുമായി എത്തിയത്. ദേവനന്ദ മുങ്ങി മരിച്ചതാണെന്നാണ് പോസ്റ്റുമോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം. കുട്ടിയുടെ ശരീരത്തില്‍ ബലപ്രയോഗം നടന്നതിന്റെ പാടുകള്‍ കണ്ടെത്തിയില്ല. അതേ സമയം ദേവാനന്ദയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ ആരോപിച്ചു.

പഴുതടച്ച അന്വേഷണമുണ്ടാകുമെന്ന് കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ ടി.നാരായണന്‍ പറഞ്ഞു. ഇന്നലെ പത്തുമണിയോടെയാണ് ദേവനന്ദയെ കാണാതാകുന്നത്. ഒരു മണിക്കൂറിനുള്ളില്‍ മരണം സംഭവിച്ചിരിക്കാമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഫൊറന്‍സിക് ഡോക്ടര്‍മാരുടെ നിഗമനം. മൃതദേഹം അഴുകാനും തുടങ്ങിയിരുന്നു. ആന്തരികാവയത്തില്‍ വെള്ളവും ചെളിയുമുണ്ടായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഫൊറന്‍സിക് വിഭാഗത്തിലെ ഡോക്ടര്‍മാരുടെ സംഘമാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്.

വെളളത്തില്‍ ബലം പ്രയോഗിച്ച് താഴ്ത്തുമ്പോഴുണ്ടാകുന്ന പാടുകളൊന്നും പൊലീസിന്റെ മൃതദേഹ പരിശോധനയിലും കണ്ടെത്തിയിട്ടില്ല. കുട്ടിയെ പരിചയക്കാരാരെങ്കിലും പുഴയരികിലേക്ക് കൂട്ടികൊണ്ടുപോയി അപായപ്പെടുത്തിയതാകാമെന്ന ആരോപണം അടക്കം പരിശോധിക്കാനാണ് പ്രത്യേക സംഘത്തിനുള്ള നിര്‍ദ്ദേശം.

Top