ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയത് മോഹന്‍ലാലും കല്യാണ്‍ സില്‍ക്‌സുമടക്കമുള്ള പ്രമുഖര്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കിയത് നടന്‍ മോഹന്‍ ലാലും കല്യാണ്‍സില്‍ക്‌സും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അടക്കമുള്ള പ്രമുഖരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇതോടൊപ്പം മുന്‍ നിയമസഭാ അഗംങ്ങളും തങ്ങളുടെ ഒരുമാസത്തെ പെന്‍ഷന്‍ തുക ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിട്ടുണ്ട്. നിരവധി വ്യക്തകളും സംഘടനകളും സംഭാവനകള്‍ നല്‍കി കൊണ്ടിരിക്കുന്നുവെന്നും മുഖ്യമന്ത്രി അറിയിച്ചു.

ജ്യോതി ലബോറട്ടറീസ് രാമചന്ദ്രന്‍ (മുംബൈ)- രണ്ട് കോടി, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്- ഒരു കോടി, കല്യാണ്‍ സില്‍ക്‌സ്- ഒരു കോടി, കിംസ് ആശുപത്രി – ഒരു കോടി, തിരൂര്‍ അര്‍ബന്‍ ബാങ്ക്- 67,15000 രൂപ, കടയ്ക്കല്‍ സര്‍വ്വീസ് സഹകരണ ബാങ്ക്- 52 ലക്ഷം, മോഹന്‍ലാല്‍- 50 ലക്ഷം എന്നിങ്ങനെയാണ് ലഭിച്ചുകൊണ്ടിരിക്കുന്ന സംഭാവനകള്‍.

കൊവിഡ് 19നുമായി ബന്ധപ്പെട്ട് ലഭിക്കുന്ന സംഭാവനകള്‍ കൈകാര്യം ചെയ്യാനായി പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ഇതിന്റെ ഭാഗമായി പതിനെട്ട് ബാങ്കുകളില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി അക്കൗണ്ട് നമ്പര്‍ 2 എന്ന പേരില്‍ പ്രത്യേക സബ് അക്കൗണ്ട് തുടങ്ങും. ട്രഷറിയിലും ഇതേ പേരില്‍ ട്രഷറി സേവിംഗ്‌സ് അക്കൗണ്ട് തുടങ്ങുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മാര്‍ച്ച് 27 മുതല്‍ സിഎംഡിആര്‍എഫിലേക്ക് ലഭിച്ച തുക പുതിയ അക്കൗണ്ടിലേക്ക് മാറ്റും.

Top