നിയമസഭയില്‍ ഇന്നും ബഹളം; പ്രതിപക്ഷം ചോദ്യോത്തരവേള ബഹിഷ്‌ക്കരിച്ചു

assembly

തിരുവനന്തപുരം: രാഷ്ട്രീയ കൊലപാതക വിഷയത്തില്‍ നിയമസഭയില്‍ മൂന്നാം ദിനവും പ്രതിപക്ഷ പ്രതിഷേധം. പ്രതിഷേധത്തെ തുടര്‍ന്നു നിയമസഭാ നടപടികള്‍ അലങ്കോലമായി. തുടര്‍ന്ന് പ്രതിപക്ഷം ചോദ്യോത്തരവേള ബഹിഷ്‌കരിച്ചു. രാഷ്ട്രീയ കൊലപാതകങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.

സഭ തുടങ്ങിയപ്പോള്‍ത്തന്നെ സഭയ്ക്ക് പുറത്തുനടക്കുന്ന ചില കാര്യങ്ങള്‍ സഭയുടെ ശ്രദ്ധയില്‍ കൊണ്ടുവരാനുണ്ടെന്ന് രമേശ് ചെന്നിത്തല ആവശ്യമുന്നയിച്ചിരുന്നു. സഭാ നടപടികള്‍ പോലെതന്നെ കൊലപാതക വിഷയങ്ങളും വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണെന്നും ചോദ്യോത്തര വേള നിര്‍ത്തിവെച്ച് പൊതു പ്രാധാന്യമുള്ള വിഷയങ്ങള്‍ ചര്‍ച്ചചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

പ്രതിപക്ഷ നേതാവ് ഉന്നയിക്കുന്ന വിഷയങ്ങളെ മാനിക്കുന്നെന്നും എന്നാല്‍ ഈ വിഷയങ്ങള്‍ ഉന്നയിക്കാന്‍ ശൂന്യവേളയില്‍ അവസരമുണ്ടെന്നും അതിനാല്‍ ചോദ്യോത്തര വേളയോട് സഹകരിക്കണമെന്നും സ്പീക്കര്‍ വ്യക്തമാക്കി. എന്നാല്‍, അടിയന്തരപ്രമേയമായി വിഷയം കൊണ്ടുവരാമെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ അറിയിച്ചു.

ഈ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞ ചെന്നിത്തല, ചോദ്യോത്തര വേള അവസാനിക്കുന്നതുവരെ സഭയില്‍നിന്ന് ഇറങ്ങിപ്പോവുകയാണെന്ന് ചെന്നിത്തല വ്യക്തമാക്കുകയായിരുന്നു.

ഇന്നലെ ചോദ്യോത്തര വേളയില്‍ സ്പീക്കറുടെ മുഖം മറച്ച് ശക്തമായ പ്രതിഷേധമാണ് പ്രതിപക്ഷം നടത്തിയിരുന്നത്. ഇത് ചോദ്യോത്തരവേള തടസ്സപ്പെടുത്തുന്ന സ്ഥിതിയുണ്ടാക്കിയിരുന്നു. തുടര്‍ച്ചയായി ചോദ്യോത്തരവേള തടസ്സപ്പെടുത്തുന്നത് ശരിയായ നടപടിയല്ലെന്നും ഇത്തരമൊരു സ്ഥിതിവിശേഷം ഇന്ന് ഉണ്ടാവരുതെന്നുമുള്ള സ്പീക്കറുടെ അഭ്യര്‍ഥന മാനിച്ചാണ് ചോദ്യോത്തരവേള തടസ്സപ്പെടുത്താതെ സഭയില്‍നിന്ന് ഇങ്ങിപ്പോകുന്ന പ്രതിഷേധ നടപടി സ്വീകരിക്കാന്‍ പ്രതിപക്ഷം തയ്യാറായത്.

Top