കേരള ഏജന്‍സി ചതിച്ചു; മലയാളി നഴ്‌സുമാര്‍ യുഎഇയില്‍ ദുരിതത്തില്‍

ദുബായ്: കേരളത്തിലെ നഴ്സിംഗ് റിക്രൂട്ട്മെൻറ് ഏജന്‍സിയുടെ തട്ടിപ്പിനിരയായി 300ലേറെ മലയാളി നഴ്‌സുമാര്‍ മാസങ്ങളായി യുഎഇയിലെ വിവിധ എമിറേറ്റുകളില്‍ കുടുങ്ങിയതായി റിപ്പോര്‍ട്ട്. വാക്‌സിനേഷന്‍-പരിശോധനാ കേന്ദ്രങ്ങളില്‍ ആകര്‍ഷകമായ ജോലി വാഗ്ദാനം ചെയ്ത് യുഎഇയിലെത്തിച്ച നഴ്‌സുമാരാണ് തട്ടിപ്പിനിരയായതെന്ന് പ്രാദേശിക ഇംഗ്ലീഷ് മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

എറണാകുളം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനമാണ് കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള നഴ്‌സുമാരെ ഉയര്‍ന്ന ശമ്പളവും മറ്റ് തൊഴില്‍ ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്ത് സന്ദര്‍ശക വിസയില്‍ യുഎഇയിലെത്തിച്ചത്. എന്നാല്‍ നാട്ടിലെ ജോലി രാജി വച്ച് വളരെ പ്രതീക്ഷയോടെ ഇവിടെയെത്തിയവര്‍ക്ക് ഏതാനും ദിവസങ്ങള്‍ക്കു ശേഷം തട്ടിപ്പിനിരയായതായി ബോധ്യമാവുകയായിരുന്നു.

യുഎഇയിലേക്കുള്ള യാത്രയ്ക്കും വിസയ്ക്കും മറ്റുമായി ബാങ്കുകളില്‍ നിന്ന് പണം കടമെടുത്താണ് പലരും ഇവിടെ എത്തിയത്. നഴ്സുമാര്‍ നല്‍കിയ നമ്പറുകള്‍ ഉപയോഗിച്ച് ഏജന്റുമാരുമായി ബന്ധപ്പെടാന്‍  മാധ്യമ പ്രതിനിധികള്‍ ശ്രമിച്ചെങ്കിലും പരാജയമായിരുന്നു ഫലമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

Top