Kerala youth bites into Apple, finds bug

ലോകപ്രസിദ്ധ ആപ്പിളിന്റെ ആക്ടിവേഷന്‍ ലോക്ക് തകര്‍ത്ത് കേരള പൊലീസ് സൈബര്‍ ഡോമിലെ കമാന്‍ഡര്‍.

തിരുവനന്തപുരം റേഞ്ച് ഐജി മനോജ് എബ്രഹാം തലവനായ സൈബര്‍ ഡോമിലെ കമാന്‍ഡറായ ഹേമന്താണ് അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ എഫ്ബിഐ പരാജയപ്പെട്ടിടത്ത് വിജയം വരിച്ചത്.

കാലിഫോര്‍ണിയയിലെ സാന്‍ബെര്‍ നാര്‍ഡിനോയില്‍ 14 പേരെ കൂട്ടക്കൊല നടത്തിയ കേസിലെ പ്രതി സയിദ് ഫറൂഖിന്റെ ഐ ഫോണിന്റെ പൂട്ട് തകര്‍ക്കാനുള്ള രഹസ്യകോഡ് കൈമാറാന്‍ എഫ്ബിഐ ആവശ്യപ്പെട്ടെങ്കിലും ആപ്പിള്‍ നിരസിച്ച സംഭവം ഏറെ വിവാദമായിരുന്നു.

ഒടുവില്‍ ഇസ്രായേല്‍ ഹാക്കര്‍മാരുടെ സഹായത്തോടെയാണ് എഫ്ബിഐ വിവരങ്ങള്‍ ശേഖരിച്ചിരുന്നത്.

സുരക്ഷയുടെ കാര്യത്തില്‍ ആപ്പിളിന്റെ ആക്ടിവേഷന്‍ ലോക്ക് പ്രസിദ്ധമാണ്. ഉടമസ്ഥനല്ലാതെ ആര്‍ക്കുമത് തുറക്കാന്‍ കഴിയില്ല എന്നായിരുന്നു കമ്പനിയുടെ അവകാശവാദം ഹേമന്ത് പൊളിച്ചടുക്കിയതോടെ ആപ്പിള്‍ അടിയന്തരമായി പുതിയ സെക്യൂരിറ്റി അപ്‌ഡേറ്റ് പുറത്തിറക്കിയിട്ടുണ്ട്.

ആപ്പിള്‍ സെര്‍വറുകളുമായി കണക്ട് ചെയ്ത് ലോഗിന്‍ വിവരങ്ങള്‍ പരിശോധിച്ച ശേഷമേ ആപ്പിള്‍ ലോക്ക് തുറക്കാന്‍ കഴിയുമായിരുന്നുള്ളു. വൈഫൈ നെറ്റ് വര്‍ക്ക് തിരഞ്ഞെടുക്കുന്ന ഓപ്ഷനില്‍ ക്യാരക്ടറുകളുടെ എണ്ണത്തില്‍ നിയന്ത്രണമുണ്ടായിരുന്നില്ല. ഇവിടെ ആയിരക്കണക്കിന് ക്യാരക്ടറുകള്‍ നല്‍കിയതോടെ ഐപാഡ് നിശ്ചലമായി.

തുടര്‍ന്ന് ആപ്പിളിന്റെ മാഗ്നെറ്റില്‍ സ്മാര്‍ട്ട്‌കെയ്‌സ് ഉപയോഗിച്ച് ഹേമന്ത് ലോക്ക് തുറക്കുകയായിരുന്നു.

നേരത്തെ ഗൂഗിള്‍ ക്ലൗഡിലെ സുരക്ഷാ പിഴവ് കണ്ടെത്തിയതിന് ഹേമന്ദിന് 5ലക്ഷം രൂപ പ്രതിഫലം കമ്പനി നല്‍കിയിരുന്നു.

ട്വിറ്റര്‍, യാഹു,ബ്ലാക്ക്‌ബെറി, മൈക്രോസോഫ്റ്റ്, എടി ആന്‍ഡ് ടി,പെബിള്‍ തുടങ്ങിയവയുടെ സുരക്ഷാ വീഴ്ചയും കണ്ടെത്തിയിട്ടുണ്ട്. സമ്മാനതുകയായി 10ലക്ഷം രൂപയോളം ഇതുവഴി ഇതിനകം ഈ മിടുക്കന് ലഭിച്ചിട്ടുണ്ട്.

കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി കോളേജിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായ ഹേമന്ദിനെ സംസ്ഥാന പൊലീസിന്റെ സൈബര്‍ ഡോമിന്റെ കമാന്‍ഡറായി തിരഞ്ഞെടുത്തത് ഐജി മനോജ് എബ്രഹാമിന്റെ ഇടപെടലിനെ തുടര്‍ന്നായിരുന്നു.

സൈബര്‍ കുറ്റാന്വേഷണ രംഗത്ത് രാജ്യത്തിന് തന്നെ അഭിമാനമായി മാറി കഴിഞ്ഞിരിക്കുകയാണ് സൈബര്‍ ഡോമിന്റെ പ്രവര്‍ത്തനം.

Top