ദക്ഷിണ മേഖല ജൂനിയര്‍ ഓപ്പണ്‍ നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് സ്വര്‍ണം

വിജയവാഡ: ദക്ഷിണ മേഖല ജൂനിയര്‍ ഓപ്പണ്‍ നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് സ്വര്‍ണം. കുല്‍സന്‍ സല്‍വാനയാണ് സ്വര്‍ണം കരസ്ഥമാക്കിയത്. കേരളത്തിന് ലഭിക്കുന്ന രണ്ടാം സ്വര്‍ണമാണിത്. ആദ്യ ദിനം 200 മീറ്റര്‍ വ്യക്തിഗത മെഡ്‌ലെയില്‍ ശ്രേയ മേരി കമലും സ്വര്‍ണം നേടിയിരുന്നു.

വാട്ടര്‍പോളോയില്‍ 26 താരങ്ങളടക്കം 63 അംഗ ടീമാണ് കേരളത്തെ പ്രതിനിധീകരിച്ച് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്. മത്സരങ്ങളില്‍ ഇതുവരെ അഞ്ച് വെള്ളിയും രണ്ട് സ്വര്‍ണവുമാണ് കേരളം സ്വന്തമാക്കിയത്.

മത്സരങ്ങള്‍ക്കായി വിജയവാഡയിലെത്തിയ കേരളത്തിലെ കായിക താരങ്ങളെ കാലാവസ്ഥ പ്രതികൂലമായി ബാധിച്ചു എന്ന് പരിശീലക വി എസ് ഷൈനി പറഞ്ഞു. കൂടാതെ സ്‌കൂള്‍ മീറ്റ് കഴിഞ്ഞ ഉടന്‍ തന്നെയാണ് പല താരങ്ങളും മത്സരത്തിനായി വിജയവാഡയിലെത്തിയത് എന്നതും ഏറെ പ്രശ്‌നമുണ്ടാക്കി എന്നും ഷൈനി പറഞ്ഞു.

Top