കേരളത്തിന് ജയം; മേഘാലയയെ തോൽപ്പിച്ചത് അഞ്ച് വിക്കറ്റിന്

മൊഹാലി: സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ കേരളത്തിന് ജയം. മേഘാലയക്കെതിരെ അഞ്ച് വിക്കറ്റിന്റെ ജയമാണ് കേരളം സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിംംഗിനെത്തിയ മേഘാലയ നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 100 റൺസാണ് നേടിയത്. മറുപടി ബാറ്റിംഗിൽ കേരളം 12.2 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു.

28 റൺസ് നേടിയ സച്ചിൻ ബേബിയാണ് കേരളത്തിന്റെ ടോപ് സ്‌കോറർ. വിഷ്ണു വിനോദ് 27 റൺസോടെ മികച്ച പ്രകടനം പുറത്തെടുത്തു. ക്യാപ്റ്റൻ സഞ്ജു സാംസൺ (4) ഒരിക്കൽകൂടി നിരാശപ്പെടുത്തി. മുഹമ്മദ് അസറുദ്ദീൻ (14), രോഹൻ കുന്നുമ്മൽ (7) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങൾ. അബ്ദുൾ ബാസിത് (13), സിജോമോൻ ജോസഫ് (4) എന്നിവർ പുറത്താവാതെ നിന്നു. ചെങ്കാം സംഗ്മ മൂന്ന് വിക്കറ്റ് വീഴ്ത്തി.

നേരത്തെ വൈശാഖ് ചന്ദ്രൻ, എസ് മിഥുൻ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ മേഘാലയ ചെറിയ സ്‌കോറിൽ ഒതുങ്ങുകയായിരുന്നു. മനു കൃഷ്ണൻ, ബേസിൽ തമ്പി, കെ എം ആസിഫ്, സിജോമോൻ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി. 20 റൺസ് നേടിയ ലാറി സംഗ്മയാണ് മേഘാലയയുടെ ടോപ് സ്‌കോറർ. കിഷൻ ലിംങ്‌ദോ (19), പുനിത് ബിഷ്ട് (18), രാജ് ബിഷ്വ (15) എന്നിവരും രണ്ടക്കം കണ്ടു.

Top