കേരള വിമൻസ് ലീഗ് നാലാം സീസണിന് നാളെ തുടക്കം

രാംകോ കേരള വിമൻസ് ലീഗ് നാലാം സീസണിന് നാളെ തുടക്കമാകും. കോഴിക്കോട് ഇഎംഎസ് കോർപറേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ഗോകുലം കേരള എഫ്സി കേരള യുണൈറ്റഡ് എഫ്സിയെ നേരിടും. ഒക്ടോബർ 15ന് ലീഗ് സമാപിക്കും. 10 ടീമുകൾക്കും 350ഓളം പെൺകുട്ടികൾക്കുമാണ് കേരള വിമൻസ് ലീഗിൽ അവസരം ലഭിക്കുക. ലീഗ്, നോക്കൗട്ട് അടിസ്ഥാനത്തിലായിരിക്കും മത്സരങ്ങൾ. വിജയികൾക്ക് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ സംഘടിപ്പിക്കുന്ന ഇന്ത്യൻ വിമൻസ് ലീഗിൽ പങ്കെടുക്കാൻ യോഗ്യത ലഭിക്കും. കോഴിക്കോട് ഇഎംഎസ് കോർപ്പറേഷൻ സ്റ്റേഡിയം, എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ട് എന്നിവിടങ്ങളിലായാണ് 45 മത്സരങ്ങളും നടക്കുക.

ഗോകുലം കേരള എഫ്സി, ഡോൺ ബോസ്കോ എഫ്എ, കേരള യുണൈറ്റഡ് എഫ്സി, കടത്തനാട് രാജാ എഫ്എ, ലൂക്ക സോക്കർ ക്ലബ്, കേരള ബ്ലാസ്റ്റേഴ്സ് എഫ്സി, ലോഡ്സ് എഫ്എ, കൊച്ചി വൈഎംഎഎ, എമിറേറ്റ്സ് എസ്സി, എസ്ബിഎഫ്എ പൂവാർ എന്നിവരാണ് കേരള വിമൻസ് ലീഗിൽ പങ്കെടുക്കുന്ന 10 ടീമുകൾ. രാംകോ സിമന്റ്സ് ആണ് കേരള വിമൻസ് ലീഗിന്റെ ഒഫീഷ്യൽ ടൈറ്റിൽ സ്പോൺസർ. എഎഫ്സി ഏഷ്യൻ വിമൻസ് കപ്പ് 2022, അണ്ടർ 17 വിമൻസ് വേൾഡ് കപ്പ് എന്നീ മത്സരങ്ങളിൽ ഇന്ത്യ ആതിഥേയത്വം വഹിക്കുമ്പോൾ ഇന്ത്യൻ വനിതകൾക്ക് ഇതൊരു പ്രചോദനം തന്നെയായിരിക്കും.

Top