തൃപ്പൂണിത്തുറ യോഗ കേന്ദ്രത്തെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് എം.സി. ജോസഫൈന്‍

തിരുവനന്തപുരം: തൃപ്പൂണിത്തുറ യോഗ കേന്ദ്രത്തെക്കുറിച്ച് പുറത്തുവരുന്ന വെളിപ്പെടുത്തലുകള്‍ വളരെ ഗൗരവതരമാണെന്നും ഇതേക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്നും കേരള വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍.

സംഭവങ്ങളെക്കുറിച്ച് കമ്മീഷന്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന അന്വേഷണങ്ങള്‍ക്ക് നേരിട്ട് നേതൃത്വം നല്‍കുമെന്നും ജോസഫൈന്‍ പറഞ്ഞു.

യോഗാ കേന്ദ്രത്തിനെക്കുറിച്ച് പൊലീസ് നടത്തുന്ന അന്വേഷണം കൂടുതല്‍ ഊര്‍ജിതമാക്കണം. തെളിവുകള്‍ ശേഖരിക്കുന്നതില്‍ ഒരു പഴുതും ഉണ്ടാകരുത്. നിലവില്‍ നടന്നുവരുന്ന പോലീസ് അന്വേഷണത്തെക്കുറിച്ച് അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷന്റെ അന്വേഷണ വിഭാഗം മേധാവിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അവര്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

യോഗ കേന്ദ്രത്തില്‍ താമസിപ്പിക്കപ്പട്ടവരില്‍ നിന്ന് നേരിട്ട് അനുഭവങ്ങള്‍ കേള്‍ക്കുമെന്നും അതിന്റെ അടിസ്ഥാനത്തില്‍ ശക്തമായ നടപടികള്‍ക്ക് മുന്‍കൈ എടുക്കുമെന്നും ജോസഫൈന്‍ കൂട്ടിച്ചേര്‍ത്തു.

സ്ത്രീകളുടെ അന്തസ്സിനെ ചോദ്യം ചെയ്യുന്നതും ഭരണഘടനാപരമായ അവകാശങ്ങള്‍ നിഷേധിക്കുന്നതുമായ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സമൂഹവും അധികാരികളും ജാഗ്രത പാലിക്കണമെന്നും കമ്മീഷന്‍ അധ്യക്ഷ വ്യക്തമാക്കി.

Top