മതനേതൃത്വത്തിന്റെത് പരിഷ്‌കൃത സമൂഹത്തിന് യോജിക്കാത്ത നടപടി; വനിതാ കമ്മീഷന്‍

തിരുവനന്തപുരം: സമ്മാനദാനചടങ്ങിൽ നിന്ന് പത്താക്ലാസ് വിദ്യാർഥിനിയെ മതനേതാവ് ഇറക്കിവിട്ടത് അപലപനീയമെന്ന് വനിതാ കമ്മീഷൻ ചെയർപേഴ്‌സൺ പി സതീദേവി. മതനേതൃത്വത്തിന്റെത് പരിഷ്‌കൃത സമൂഹത്തിന് യോജിക്കാത്ത പ്രവൃത്തിയാണ്. സമൂഹത്തെ പിന്നോട്ടടിപ്പിക്കുന്ന ഇത്തരം നടപടികൾക്കെതിരെ സമൂഹമനസാക്ഷി ഉണരണമെന്നും വനിതാ കമ്മീഷൻ വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.

പെരിന്തൽമണ്ണ പനങ്കാങ്കരക്കടുത്തുള്ള മദ്രസാ വാർഷിക പരിപാടിയുടെ ഭാഗമായി നടന്ന ചടങ്ങിലാണ് സംഭവം. പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പുരസ്‌കാരം ഏറ്റുവാങ്ങാനായി സംഘാടകർ വേദിയിലേക്ക് ക്ഷണിച്ചു. ഇതിനെതിരെ വേദിയിൽ വച്ച് തന്നെ സമസ്തനേതാവ് രംഗത്തെത്തി. പെൺകുട്ടികളെ വേദിയിലേക്ക് ക്ഷണിക്കുന്നത് മതവിരുദ്ധമാണെന്ന് പറഞ്ഞ് സമസ്ത വൈസ് പ്രസിഡന്റ് എംടി അബ്ദുല്ല മുസ്ല്യാരാണ് പരസ്യമായി അധിക്ഷേപിച്ചത്. ഇതിനെതിരെ സമൂഹമാധ്യമങ്ങളിൽ വലിയ വിമർശനമുയർന്നു.

‘പത്താം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ ആരാണ് സ്റ്റേജിലേക്ക് ക്ഷണിച്ചതെന്ന് ചോദിച്ചായിരുന്നു രോഷപ്രകടനം. പെൺകുട്ടിക്ക് പകരം രക്ഷിതാവിനോട് വരാൻ പറയാനും ആവശ്യപ്പെടുന്നുണ്ട്.’മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡണ്ട് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങളാണ് ഉപഹാരം നൽകിയത്്. ഇതിന് പിന്നാലെയാണ് സമസ്ത നേതാവിന്റെ ശകാരവാക്കുകൾ ഉണ്ടായത്.

Top