കുന്നംകുളത്ത് ബെയ്ചുങ്ങ് ബൂട്ടിയയുമായി സഹകരിച്ച് ഫുട്‌ബോള്‍ അക്കാദമി തുടങ്ങുമെന്ന് മന്ത്രി

തിരുവനന്തപുരം : കായിക വകുപ്പിന് കീഴിലെ കുന്നംകുളം സ്പോട്സ് ഡിവിഷനില്‍ ബെയ്ചുങ്ങ് ബൂട്ടിയയുമായി സഹകരിച്ച് ഫുട്‌ബോള്‍ അക്കാദമി തുടങ്ങുമെന്ന് മന്ത്രി വി അബ്ദുറഹിമാന്‍. ബൂട്ടിയയുടെ അക്കാദമിയുമായി സഹകരിക്കുന്നത് കേരള ഫുട്ബോളിന് ഏറെ പ്രയോജനപ്പെടുമെന്ന് മന്ത്രി പറഞ്ഞു. ബൂട്ടിയയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് മന്ത്രി അബ്ദുറഹിമാന്‍ ഇക്കാര്യം പറഞ്ഞത്. ഏറ്റവും അനുയോജ്യമായ സ്ഥലമാണ് വാഗ്ദാനം ചെയ്തിരിക്കുന്നതെന്നും കേരള ഫുട്ബോളിന്റെ മുന്നേറ്റത്തിന് അക്കാദമി വഴിയൊരുക്കുമെന്നും ബൂട്ടിയ പറഞ്ഞതായി മന്ത്രി അറിയിച്ചു.

സൗകര്യങ്ങളുടെ കാര്യത്തില്‍ മികച്ച നിലയിലാണ് കുന്നംകുളം സ്പോട്സ് ഡിവിഷന്‍ പ്രവര്‍ത്തിക്കുന്നത്. ഫിഫ മാനദണ്ഡപ്രകാരമുള്ള പുല്‍മൈതാനം ഒരുക്കിയിട്ടുണ്ട്. ഇന്‍ഡോര്‍ സ്റ്റേഡിയവും സ്പോട്സ് മെഡിസിന്‍ സെന്ററുമുണ്ട്. 4.5 കോടി രൂപ ചെലവില്‍ മികച്ച ഹോസ്റ്റലിന്റെ നിര്‍മ്മാണം തുടങ്ങിയിട്ടുണ്ട്. അനുബന്ധ പരിശീലനങ്ങള്‍ക്ക് സ്വിമ്മിങ്ങ്പൂള്‍, ഫിറ്റ്നസ് സെന്റര്‍ എന്നിവ ഒരുങ്ങുകയാണ്. ബൂട്ടിയയ്ക്കും സംഘത്തിനും എല്ലാ പിന്തുണയും ഉറപ്പുകൊടുത്തു. നടപടികള്‍ പൂര്‍ത്തിയാക്കി ഈ മാസം അവസാനം അക്കാദമി പ്രവര്‍ത്തനം തുടങ്ങുമെന്ന് മന്ത്രി അറിയിച്ചു.

മന്ത്രി അബ്ദുറഹിമാന്റെ കുറിപ്പ്: ഏറ്റവും പ്രിയപ്പെട്ട ഇന്ത്യന്‍ ഫുട്ബോളറാണ് ബെയ്ചുങ്ങ് ബുട്ടിയ. അന്താരാഷ്ട്ര ഫുട്ബോളില്‍ ഇന്ത്യയ്ക്ക് വീണ്ടുമൊരു മേല്‍വിലാസം ഉണ്ടാക്കിക്കൊടുത്തത് ഈ സിക്കിമുകാരനാണ്. തൊണ്ണൂറുകളുടെ തുടക്കത്തില്‍ കോഴിക്കോട് സേട്ട് നാഗ്ജി ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ വെച്ചാണ് ആ കാലുകളുടെ മിടുക്ക് ആദ്യം കാണുന്നത്. ഫുട്ബോളില്‍ ഉയരങ്ങളില്‍ എത്തുമെന്ന് അന്നു തന്നെ തെളിഞ്ഞിരുന്നു. ഇന്ന് ബെയ്ചുങ്ങ് ബുട്ടിയ, പ്രത്യേക ക്ഷണം അനുസരിച്ച് സെക്രട്ടറിയേറ്റിലെ ഓഫീസില്‍ എത്തി കൂടിക്കാഴ്ച നടത്തി. കളിക്കളത്തിലെ ആവേശം ഇന്നും അടങ്ങിയിട്ടില്ല. സംസാരത്തില്‍ ഫുട്ബോള്‍ മാത്രം. ഒരു ഫുട്ബോള്‍ കളിക്കാരന്‍ എന്ന സ്ഥാനത്തുനിന്ന് വിരമിച്ചാല്‍ എങ്ങനെയായിരിക്കണം എന്നതിന് ഇതിലും വലിയ മാതൃകയില്ല. ഫുട്ബോളിനു വേണ്ടി സര്‍വവും സമര്‍പ്പിച്ച്, ഇന്ത്യന്‍ ഫുട്ബോളിന്റെ ഉയര്‍ച്ച മാത്രം സ്വപ്നം കണ്ടു മുന്നോട്ടുപോവുകയാണ്.

ബെയ്ചുങ്ങ് ബൂട്ടിയ ഫുട്ബോള്‍ സ്‌കൂള്‍സ് എന്ന ഫുട്ബോള്‍ അക്കാദമിയാണ് ഇപ്പോള്‍ ബൂട്ടിയയുടെ എല്ലാം. അക്കാദമിയുടെ 4 താരങ്ങളാണ് നിലവില്‍ ദേശീയ ടീമിലുള്ളത്. സന്ദേശ് ജിംഗന്‍, ആഷിഖ് കുരുണിയന്‍ ഉള്‍പ്പെടെയുള്ള മുന്‍നിര താരങ്ങള്‍ ബൂട്ടിയ അക്കാദമിയില്‍ നിന്നാണ് കളി പഠിച്ചത്. ബൂട്ടിയയുടെ അക്കാദമിയുമായി സഹകരിക്കുന്നത് കേരള ഫുട്ബോളിന് ഏറെ പ്രയോജനപ്പെടും എന്നു കണക്കാക്കിയായിരുന്നു കൂടിക്കാഴ്ച. കായിക വകുപ്പിന് കീഴിലെ കുന്നംകുളം സ്പോട്സ് ഡിവിഷനില്‍ ബൂട്ടിയയുമായി സഹകരിച്ച് അക്കാദമി തുടങ്ങുകയാണ്. ഏറ്റവും അനുയോജ്യമായ സ്ഥലമാണ് തനിക്ക് വാഗ്ദാനം ചെയ്തിരിക്കുന്നതെന്നാണ് ബൂട്ടിയ പറഞ്ഞത്. ഏറ്റവും മികച്ച ഫുട്ബോള്‍ അക്കാദമിയായി ഈ സഹകരണത്തെ മാറ്റുമെന്നും കേരള ഫുട്ബോളിന്റെ മുന്നേറ്റത്തിന് വഴിയൊരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സൗകര്യങ്ങളുടെ കാര്യത്തില്‍ ഉന്നതമായ നിലയിലാണ് കുന്നംകുളം സ്പോട്സ് ഡിവിഷന്‍ പ്രവര്‍ത്തിക്കുന്നത്. ഫിഫ മാനദണ്ഡപ്രകാരമുള്ള ഒന്നാന്തരം പുല്‍മൈതാനം ഒരുക്കിയിട്ടുണ്ട്. ഇന്‍ഡോര്‍ സ്റ്റേഡിയവും സ്പോട്സ് മെഡിസിന്‍ സെന്ററുമുണ്ട്. 4.5 കോടി രൂപ ചെലവില്‍ മികച്ച ഹോസ്റ്റലിന്റെ നിര്‍മ്മാണം തുടങ്ങിയിട്ടുണ്ട്. അനുബന്ധ പരിശീലനങ്ങള്‍ക്ക് സ്വിമ്മിങ്ങ്പൂള്‍, ഫിറ്റ്നസ് സെന്റര്‍ എന്നിവ ഒരുങ്ങുകയാണ്. ബൂട്ടിയയ്ക്കും സംഘത്തിനും എല്ലാ പിന്തുണയും ഉറപ്പുകൊടുത്തു. നടപടികള്‍ പൂര്‍ത്തിയാക്കി ഈ മാസം അവസാനം അക്കാദമി പ്രവര്‍ത്തനം തുടങ്ങും.

Top