കിറ്റെക്‌സിനെ വളര്‍ത്തി വലുതാക്കിയ കേരളത്തെയാണ് വഞ്ചിച്ചിരിക്കുന്നത്

കിറ്റെക്‌സിനെ കേരളത്തില്‍ നിന്ന് ആട്ടിയോടിച്ചിരിക്കുകയാണെന്നാണ് ആ സ്ഥാപനത്തിന്റെ എം ഡി സാബു എം. ജേക്കബ് ഇപ്പോള്‍ തുറന്നടിച്ചിരിക്കുന്നത്. പദ്ധതിയില്‍ നിന്ന് പിന്‍മാറുന്നുവെന്നറിയിച്ചിട്ടും സര്‍ക്കാര്‍ തിരിഞ്ഞു നോക്കിയില്ലെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം. തനിക്ക് ഏത് രാജ്യത്ത് പോയാലും വ്യവസായം നടത്താനാകുമെന്നാണ് സാബു എം ജേക്കബ് തെലങ്കാനയിലേക്ക് പറക്കും മുന്‍പ് നെടുമ്പാശേരിയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ വ്യക്തമാക്കിയിരിക്കുന്നത്. തെലങ്കാന സര്‍ക്കാര്‍ അയച്ച പ്രത്യേക വിമാനത്തില്‍ തെലങ്കാനയിലേക്ക് പറന്ന സാബു എം.ജേക്കബ് ഒരു കാര്യം ഓര്‍ക്കുന്നത് നല്ലതാണ്.

കേരളത്തില്‍ നിക്ഷേപിക്കുമെന്ന് വാഗ്ദാനം ചെയ്ത 3,500 കോടി തെലങ്കാനയില്‍ നിങ്ങള്‍ നിക്ഷേപിക്കുമ്പോള്‍ നിങ്ങളെ അതിന് പ്രാപ്തരാക്കിയ കേരളത്തിലെ ജനങ്ങളെ കൂടിയാണ് വഞ്ചിച്ചിരിക്കുന്നത്. കിറ്റെക്‌സില്‍ നടന്ന പരിശോധനകളാണ് സാബുവിനെ ചൊടിപ്പിച്ചിരിക്കുന്നത്. ഈ പരിശോധനകള്‍ നിയമപരമല്ലങ്കില്‍ നിങ്ങള്‍ ആത് എന്തു കൊണ്ടാണ് കോടതിയില്‍ ചോദ്യം ചെയ്യാതിരിക്കുന്നത് ? നന്നായി പോകുന്ന ഒരു സ്ഥാപനം 73 കുറ്റങ്ങള്‍ ചെയ്‌തെന്നു കാണിച്ച് അന്യായമായി ഉദ്യോഗസ്ഥര്‍ മെമ്മോ നല്‍കിയിട്ടുണ്ടെങ്കില്‍ ആര് സംരക്ഷിക്കാന്‍ ശ്രമിച്ചാലും കോടതി തന്നെ ഇക്കാര്യത്തില്‍ ശക്തമായ നടപടി സ്വീകരിക്കും. ഇക്കാര്യത്തില്‍ കിറ്റക്‌സ് എം.ഡിക്കും സംശയം ഉണ്ടാകേണ്ടതില്ല. ചുമ്മാ കയറി പരിശോധന നടത്താന്‍ ഇത് വെള്ളരിക്കാപ്പട്ടണമൊന്നുമല്ല, അതും ഓര്‍ത്തു കൊള്ളണം.

കിറ്റെക്സില്‍ നടക്കുന്ന നിയമലംഘനങ്ങള്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നാല് പ്രതിപക്ഷ എംഎല്‍എമാരാണ് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കിയിരുന്നത്. ആധുനിക ശുദ്ധീകരണ പ്ലാന്റ് പ്രവര്‍ത്തനസജ്ജമാകുന്നതു വരെ കിറ്റെക്‌സ് കമ്പനിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്ന ആവശ്യവും അവര്‍ മുന്നോട്ട് വച്ചിരുന്നു. ഇത്തരമൊരു പരാതി ജനപ്രതിനിധികള്‍ നല്‍കുമ്പോള്‍ സര്‍ക്കാര്‍ എന്തു നടപടി സ്വീകരിക്കണമായിരുന്നു എന്നാണ് മാധ്യമങ്ങളും തുറന്ന് പറയേണ്ടത്. പ്രതിപക്ഷ എം.എല്‍.എമാരുടെ പരാതി അവഗണിച്ചിരുന്നെങ്കില്‍ പിണറായി സര്‍ക്കാര്‍ കിറ്റക്‌സ് മുതലാളിയുടെ നിയമ ലംഘനത്തിന് കുടപിടിക്കുന്നു എന്ന ചര്‍ച്ചകളാണ് കുത്തക മാധ്യമങ്ങളും കമ്യൂണിസ്റ്റ് വിരുദ്ധരും നടത്തുമായിരുന്നത്. അക്കാര്യവും വിമര്‍ശകര്‍ ഓര്‍ത്തു കൊള്ളണം.

കിറ്റക്‌സ് കമ്പനിയിലെ നിയമലംഘനങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജൂണ്‍ രണ്ടിനാണ് തൃക്കാക്കര എം.എല്‍.എ പി.ടി തോമസ്, എറണാകുളം എം.എല്‍.എ ടി.ജെ വിനോദ്, പെരുമ്പാവൂര്‍ എം.എല്‍.എ എല്‍ദോസ് കുന്നപ്പിള്ളി, മൂവാറ്റുപുഴ എം.എല്‍.എ മാത്യൂ കുഴല്‍നാടന്‍ എന്നിവര്‍ മുഖ്യമന്ത്രിക്ക് കത്തു നല്‍കിയിരുന്നത്. ആറു നിയമലംഘനങ്ങളാണ് എംഎല്‍എമാര്‍ കത്തില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. അത് ഇപ്രകാരമാണ്.

1. ആധുനിക മലിനജല ശുദ്ധീകരണ പ്ലാന്റ് സ്ഥാപിക്കുമെന്ന് കമ്പനി നല്‍കിയ പ്രൊപ്പോസലിന്റെ മേലാണ് വ്യവസ്ഥകളോടെ കിറ്റെക്സ് കമ്പനിക്ക് മലിനീകരണ നിയന്ത്രണ ബോര്‍ഡ് അനുമതി നല്‍കിയിരിക്കുന്നത്. നാളിത് വരെയും അത് പ്രവര്‍ത്തനസജ്ജമാക്കാത്തതിനാല്‍ വ്യവസ്ഥ ലംഘിച്ച് മലിനീകരണം നടത്തുന്ന ഈ കമ്പനി അവര്‍ തന്നെ ഉറപ്പ് നല്‍കിയതും ആവശ്യമായതും മലിനീകരണ നിയന്ത്രണ ബോര്‍ഡ് അംഗീകരിച്ചതുമായ ആധുനിക ശുദ്ധീകരണ പ്ലാന്റ് പ്രവര്‍ത്തനസജ്ജമാക്കുന്നത് വരെ കമ്പനിയുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കേണ്ടതാണ്.

2. പ്രതിദിന മലിനജല ഉല്‍പ്പാദനം കുറയ്ക്കണമെന്ന നിര്‍ദ്ദേശം കമ്പനി പാലിക്കണം.

3. ജല ഉപയോഗം, മലിനജല ഉല്‍പ്പാദനം എന്നിവ കൃത്യമായി അറിയുവാനുള്ള വാട്ടര്‍ മീറ്റര്‍
സ്ഥാപിക്കണം.

4. ശുദ്ധീകരണ പ്ലാന്റ് ഏപ്പോഴും പ്രവര്‍ത്തിക്കുന്നു എന്നറിയാന്‍ TOD ടൈപ്പിലുള്ള എനര്‍ജി മീറ്റര്‍ സ്ഥാപിക്കണം.

5. കമ്പനിയിലെ ശുദ്ധീകരിച്ച ജലത്തിന്റെ ഗുണനിലവാരം 24 മണിക്കൂറും പൊതുജനങ്ങള്‍ക്ക് അറിയുവാനുള്ള സംവിധാനം സ്ഥാപിക്കണം.

6. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നിരന്തരമായ ഇടപെടല്‍ ഉണ്ടായിട്ടുപോലും കടമ്പ്രയാര്‍ കര്‍മ്മ പദ്ധതി ആവിഷ്‌കരിച്ചു നടപ്പാക്കുന്നതിന് വേഗത വന്നിട്ടില്ല. മറ്റ് 20 നദീ പുനരുജ്ജീവന കര്‍മ്മ പദ്ധതിയോടൊപ്പം ഒരു കര്‍മ്മ പദ്ധതി എന്ന പരിഗണന മാത്രമേ മലിനീകരണ നിയന്ത്രണ ബോര്‍ഡ് കടമ്പ്രയാറിനും നല്‍കുന്നുള്ളൂ. കടമ്പ്രയാര്‍ പുനരുജ്ജീവന പദ്ധതി സമയ ബന്ധിതമായി നടപ്പാക്കുന്നതിന് മേല്‍നോട്ടം വഹിക്കുന്നതിന് ഒരു വിദഗ്ദ ഉദ്യോഗസ്ഥനെ പ്രത്യേകമായി ചുമതലപ്പെടുത്തേണ്ടതുണ്ട്. നിയമസഭയില്‍ കടമ്പ്രയാര്‍ നദിയുടെ മലിനീകരണവുമായി ബന്ധപ്പെട്ട് പി.ടി തോമസിന്റെ ശ്രദ്ധ ക്ഷണിക്കലിന് മുഖ്യമന്ത്രി മറുപടി നല്‍കിയിരുന്നു. ഇതിന്റെ പിന്നാലെയാണ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരിക്കുന്നത്.

പ്രതിപക്ഷത്തിന്റെ കൂടി ആവശ്യത്തിലായിരുന്നു കിറ്റെക്‌സ് കമ്പനികളിലെ പരിശോധനയെന്ന് വ്യവസായമന്ത്രി പി.രാജീവും വ്യക്തമാക്കിയിട്ടുണ്ട്. ഇതിനെ സാധൂകരിക്കുന്ന തെളിവായാണ് നാല് എംഎല്‍എമാര്‍ നല്‍കിയ കത്ത് പുറത്തു വന്നിരിക്കുന്നത്. ഇതിനു പുറമെ ദേശീയ മനുഷ്യാവകാശ കമ്മീഷന് പാര്‍ലമെന്റ് അംഗമായ ബെന്നി ബഹനാന്‍ നല്‍കിയ പരാതിയും വ്യവസായ വകുപ്പ് അന്വേഷണത്തിനായി കൈമാറിയിട്ടുണ്ട്. ഇതെല്ലാം സാധാരണ നടപടിക്രമം മാത്രമാണ്. ഏതൊരു പൗരന്‍ പരാതി നല്‍കിയാലും ഈ പരിശോധനകള്‍ ഒക്കെ നടക്കുക സ്വാഭാവികമാണ്. മടിയില്‍ കനമില്ലെങ്കില്‍ എന്തിനാണ് സാബു പേടിക്കുന്നത്. സധൈര്യം പരിശോധനകളെ നേരിടുകയാണ് വേണ്ടിയിരുന്നത്. അതല്ലാതെ ഒളിച്ചോടുന്നത് ഭീരുത്വമാണ്.

ബെന്നി ബെഹനാന്‍ എം. പി കിറ്റക്‌സിനെതിരെ നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ എറണാകുളം ജില്ലാ കളക്ടര്‍ക്കാണ് കൈമാറിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ കുന്നത്തുനാട് തഹസീല്‍ദാരും അസിസ്റ്റന്റ് ലേബര്‍ ഓഫീസറും സ്ഥാപനത്തില്‍ പരിശോധന നടത്തുകയുണ്ടായി. പരിശോധനയുടെ റിപ്പോര്‍ട്ട് റീജിയണല്‍ ലേബര്‍ കമ്മീഷണര്‍ 2021 മാര്‍ച്ച് 24 നും, തഹസീല്‍ദാര്‍ 2021 ഏപ്രില്‍ 15 നും, ജില്ലാ കളക്ടര്‍ക്ക് നല്‍കിയിട്ടുണ്ട്. 2021 ഏപ്രില്‍ 16 ന് ദേശീയ മനുഷ്യാവകാശ കമ്മീഷനും ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. കിറ്റക്‌സിനെതിരെ തൃക്കാക്കര എം.എല്‍.എ പി. ടി. തോമസ് നിയമസഭയില്‍ 2021 ജൂണ്‍ 1 ന് ആണ് ആരോപണം ഉന്നയിച്ചിരുന്നത്.

കമ്പനി പുറം തള്ളുന്ന രാസമാലിന്യം കടമ്പ്രയാറിലേക്ക് ഒഴുക്കി കിറ്റക്‌സ് ജലമലിനീകരണം നടത്തുന്നതായും തൃക്കാക്കര, കുന്നത്തുനാട്, ആലുവ, കളമശ്ശേരി, തൃപ്പൂണിത്തുറ മണ്ഡലങ്ങളിലെ 10 ലക്ഷത്തോളം ജനങ്ങളുടെ കുടിവെള്ളസ്രോതസ്സിനെ ഇതു ബാധിക്കുന്നതായുമാണ് പി.ടി ആരോപണം ഉന്നയിച്ചിരുന്നത്. ഇതു സംബന്ധിച്ച അന്വേഷണമാണ് പിന്നീട് നടന്നത്. കോവിഡ് പരിശോധനാ സൗകര്യങ്ങളോ നിയമാനുസൃത അവധിയോ നല്‍കാതെ കമ്പനി മാനേജ്‌മെന്റ് ജീവനക്കാരോട് മോശമായി പെരുമാറുന്നു എന്ന് പരാതിപ്പെടുന്ന വനിതാ ജീവനക്കാരിയുടേതെന്ന് കരുതുന്ന ഒരു ശബ്ദ സന്ദേശം, വാട്ട്‌സാപ്പ് ഗ്രൂപ്പുകള്‍ വഴിയും ചില മാധ്യമങ്ങള്‍ വഴിയും പ്രചരിച്ചിരുന്നു. എറണാകുളം ഡെപ്യൂട്ടി കളക്ടറുടെ നിര്‍ദ്ദേശ പ്രകാരം ഇതേ കുറിച്ച് പരിശോധന നടത്തി കുന്നത്തുനാട് തഹസീല്‍ദാരും ജില്ലാ ലേബര്‍ ഓഫീസറും 2021 മെയ് 11 ന് ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുകയുണ്ടായി.

ഇതിന് സമാനമായ പരാതി ബഹു. കേരള ഹൈക്കോടതിക്കും ലഭിക്കുകയുണ്ടായി. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം കേരള ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി സെക്രട്ടറിയായ ജില്ലാ ജഡ്ജി ശ്രീ. നിസാറിന്റെ നിര്‍ദ്ദേശ പ്രകാരം ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി സെക്രട്ടറിയായ സബ്ജഡ്ജി ശ്രീ. സുരേഷ് 2021 മെയ് 29 ന് അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍, ദേശീയ ആരോഗ്യമിഷന്‍ പ്രതിനിധി എന്നിവര്‍ക്കൊപ്പം കമ്പനിയില്‍ പരിശോധന നടത്തിയിട്ടുണ്ട്. വനിതാ ജീവനക്കാരിയുടെ ശബ്ദസന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ മലയിടംതുരുത്ത് പ്രാധമികാരോഗ്യ കേന്ദ്രത്തിലെ വനിതാ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറും 2021 മെയ് 10 ന് കമ്പനിയില്‍ പരിശോധന നടത്തിയിട്ടുണ്ട്. വേതനം ലഭിക്കുന്നില്ല എന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ലേബര്‍ കമ്മീഷണറുടെ നിര്‍ദ്ദേശ പ്രകാരം ജില്ലാ കളക്ടറുടെ അറിവോടെ ജില്ലാ ലേബര്‍ ഓഫീസറും ആരോഗ്യപ്രവര്‍ത്തകരും ചേര്‍ന്ന് 2021 ജൂണ്‍ 8 ന് കമ്പനിയില്‍ മറ്റൊരു പരിശോധനയും നടത്തുകയുണ്ടായി.

തുടര്‍ന്ന് കണ്ടെത്തിയ ക്രമക്കേടുകള്‍ പരിശോധിക്കാന്‍ സ്ഥാപനത്തിന് നോട്ടീസും നല്‍കുകയുണ്ടായി. ഇത് സംബന്ധിച്ച് ജില്ലാ ലേബര്‍ ഓഫീസര്‍, ലേബര്‍ കമ്മീഷണര്‍ക്ക് 2021 ജൂണ്‍ 29 ന് റിപ്പോര്‍ട്ടും സമര്‍പ്പിച്ചിട്ടുണ്ട്. മിനിമം വേതനം ലഭിക്കുന്നില്ല എന്നായിരുന്നു ചില തൊഴിലാളികളുടെ മൊഴിയെന്നാണ് അറിവ്. ഇതിന്റെ വസ്തുതകളും പുറത്ത് വരേണ്ടതുണ്ട്. അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയുടെ കേരള പ്രസിഡന്റ്, ഇ. എം. ജോസഫ് മുഖ്യമന്ത്രിക്ക് 2021 മെയ് 13 ന് നല്‍കിയ പരാതിയില്‍ കുന്നത്തുനാട് പോലീസ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. കിറ്റക്‌സ് കമ്പനിയുടെ ഷെഡ്ഡുകളില്‍ സൗകര്യമൊരുക്കാതെ തൊഴിലാളികളെ പാര്‍പ്പിച്ചതായ പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്താന്‍ ലേബര്‍ കമ്മീഷണറേറ്റില്‍ നിന്ന് ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് വകുപ്പിനെ ചുമതലപ്പെടുത്തുകയും വകുപ്പിന്റെ ആലുവ ഓഫീസ് ഇതേക്കുറിച്ച് അന്വേഷിക്കുകയും ചെയ്തിട്ടുണ്ട്.

കടമ്പ്രയാറില്‍ മാലിന്യം തള്ളുന്നുവെന്ന് ചൂണ്ടിക്കാട്ടി പി. ടി. തോമസ് എം.എല്‍.എ, ജോണ്‍ ഡാനിയേല്‍ എന്നിവര്‍ നല്‍കിയ പരാതിയില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡാണ് പരിശോധന നടത്തിയത്. ഈ മാസം 3 ന് നടന്ന ജില്ലാ വികസന സമിതിയോഗത്തില്‍ പി. ടി. തോമസ് എം. എല്‍.എ ഇതേ പരാതി വീണ്ടും ഉന്നയിക്കുകയുണ്ടായി. കിറ്റക്‌സിനെതിരെ ഉയര്‍ന്ന പരാതികള്‍ കള്ളമാണെങ്കില്‍ തീര്‍ച്ചയായും കിറ്റക്‌സ് ഗ്രൂപ്പ് നിയമ പോരാട്ടം നടത്തണം. യാഥാര്‍ത്ഥ്യം പൊതു സമൂഹത്തെ ബോധ്യപ്പെടുത്തുകയും വേണം. അതല്ലാതെ നിക്ഷേപങ്ങള്‍ നടത്തില്ലെന്ന് പറഞ്ഞ് പിന്തിരിഞ്ഞ് മറ്റ് സംസ്ഥാനങ്ങളിലേക്ക് പറക്കുകയല്ല വേണ്ടത്. ഇവിടെ സംസ്ഥാന സര്‍ക്കാരോ ഏതെങ്കിലും വകുപ്പുകളോ മുന്‍കൈ എടുത്തോ ബോധപൂര്‍വ്വമോ ഒരു പരിശോധനയും കിറ്റക്‌സില്‍ നടത്തിയിട്ടില്ലന്നത് വ്യക്തമാണ്.

ഈ പരിശോധനകളില്‍ ഏതെങ്കിലും പരാതിയുള്ളതായി കിറ്റക്‌സ് മാനേജ്‌മെന്റ് വ്യവസായ വകുപ്പ് ഉള്‍പ്പെടെ ഒരു വകുപ്പിനേയും ഔദ്യോഗികമായി അറിയിക്കാതിരുന്നത് എന്തു കൊണ്ടാണ് ? പരിശോധനാ വേളയില്‍ സ്ഥാപന ഉടമയോ പ്രതിനിധികളോ തടസ്സമൊന്നും ഉന്നയിച്ചിട്ടില്ലെന്ന് പരിശോധനക്ക് നേതൃത്വം നല്‍കിയ ജില്ലാ ലേബര്‍ ഓഫീസറും ഇതിനകം തന്നെ അറിയിച്ചിട്ടുണ്ട്. വസ്തുതകള്‍ ഇതായിരിക്കെ സംസ്ഥാനത്തിനും സര്‍ക്കാരിനും എതിരെ അതീവ ഗുരുതരമായ ആരോപണങ്ങളാണ് കിറ്റക്‌സ് ഉന്നയിച്ചിരിക്കുന്നത്. ദേശീയതലത്തില്‍ തന്നെ ഏറ്റവും മികച്ച നിക്ഷേപ സൗഹൃദ അന്തരീക്ഷമുള്ള സംസ്ഥാനമാണ് ഇന്ന് കേരളം. നീതി ആയോഗ് ഈ മാസം പ്രസിദ്ധപ്പെടുത്തിയ ഏറ്റവും പുതിയ സുസ്ഥിര വികസന സൂചികയില്‍ ഒന്നാം സ്ഥാനം കേരളത്തിനാണ്.

നീതി ആയോഗിന്റെ തന്നെ മറ്റൊരു സൂചികയായ ഇന്ത്യ ഇന്നവേഷന്‍ സൂചികയില്‍ മികച്ച ബിസിനസ് സാഹചര്യം ഉള്ള സംസ്ഥാനമെന്ന വിഭാഗത്തിലും കേരളം രണ്ടാം സ്ഥാനത്ത് എത്തുകയുണ്ടായി. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലും മുന്‍കൈയിലുമാണ് വ്യവസായ നിക്ഷേപം ഉള്‍പ്പെടെയുള്ള മേഖലയില്‍ വലിയ കുതിച്ചുചാട്ടം സൃഷ്ടിച്ചിരിക്കുന്നത്. യു.പി പോലുള്ള സംസ്ഥാനങ്ങളെ കേരളം മാതൃകയാക്കണമെന്ന വാദം തന്നെ അപഹാസ്യമാണ്. 3500 കോടി രൂപയുടെ നിക്ഷേപം സംബന്ധിച്ച് താത്പര്യപത്രം മാത്രമാണ് കിറ്റക്‌സ് നല്കിയിട്ടുള്ളത്. ധാരണാ പത്രം ഒപ്പു വച്ചിട്ടില്ല. ഇക്കാര്യം സര്‍ക്കാറും ഇപ്പോള്‍ വ്യക്തമാക്കി കഴിഞ്ഞിട്ടുണ്ട്. സ്ഥലം എം.എല്‍.എ ശ്രീനിജനാണ് കിറ്റക്‌സിലെ റെയ്ഡിന് പിന്നിലെന്ന ആരോപണവും വസ്തുതയ്ക്ക് നിരക്കാത്തതാണ്.

സാബുവും അദ്ദേഹത്തിന്റെ ട്വന്റി ട്വന്റിയും കുന്നത്തുനാട്ടില്‍ ഉള്ളതു തന്നെയാണ് ശ്രീനിജനും ഇടതുപക്ഷത്തിനും രാഷ്ട്രീയമായി ഗുണം ചെയ്യുക. കാരണം ഇത്തവണ ഇടതുപക്ഷത്തിന് കോണ്‍ഗ്രസ്സിന്റെ ഈ കുത്തക മണ്ഡലം പിടിച്ചെടുക്കാന്‍ കഴിഞ്ഞതില്‍ ട്വന്റി ട്വന്റിയുടെ സാന്നിധ്യം ഏറെ ഗുണം ചെയ്തിട്ടുണ്ട്. കോണ്‍ഗ്രസ്സ് വോട്ട് ബാങ്കില്‍ ട്വന്റി ട്വന്റി വിള്ളലുണ്ടാക്കിയതാണ് ഇടതുപക്ഷത്തിന് കാര്യങ്ങള്‍ എളുപ്പമാക്കിയത്. ഈ സാഹചര്യത്തില്‍ പകയോടെ സാബുവിനെയോ അദ്ദേഹത്തിന്റെ സ്ഥാപനത്തേയോ ദ്രോഹിക്കേണ്ട ഒരു കാര്യവും ഇടതുപക്ഷ സര്‍ക്കാറിനോ സ്ഥലം എം.എല്‍.എക്കോ ഇല്ലന്നതും നാം തിരിച്ചറിയണം. ഒരു ജനാധിപത്യ രാജ്യത്ത് ജനപ്രതിനിധികള്‍ അത് പ്രതിപക്ഷ അംഗങ്ങളായാലും രേഖാമൂലം നല്‍കുന്ന പരാതികള്‍ ഗൗരവമായി പരിഗണിക്കപ്പെടേണ്ടതു തന്നെയാണ്.

വ്യാവസായ ഗ്രൂപ്പിന്റെ മറവില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് നാട് ഭരിക്കണമെന്ന് ആഗ്രഹിക്കുന്ന അരാഷ്ട്രീയ ബോധത്തിന് ഇതൊന്നും തന്നെ ദഹിക്കണമെന്നില്ല. ജനങ്ങള്‍ പിണറായി സര്‍ക്കാറിനെ അധികാരത്തിലേറ്റിയിരിക്കുന്നത് വലിയ പ്രതീക്ഷയോടെയാണ്. ആദ്യ പ്രതീക്ഷ പൂര്‍ത്തീകരിച്ചതിനാലാണ് രണ്ടാമതും ഇടതുപക്ഷത്തിനു തന്നെ ജനങ്ങള്‍ അവസരം നല്‍കിയിരിക്കുന്നത്. ജനകീയ പദ്ധതികളുമായി മുന്നോട്ട് പോകുന്ന പിണറായി സര്‍ക്കാര്‍ വ്യവസായങ്ങളെ പോത്സാഹിപ്പിക്കാന്‍ സ്വീകരിച്ച നടപടികള്‍ ആര് മറന്നാലും മാധ്യമങ്ങള്‍ മറന്നു പോകരുത്. ഇന്ത്യന്‍ എക്‌സ്പ്രസ് പോലുള്ള ഇംഗ്ലീഷ് പത്രങ്ങള്‍ കേരളത്തിലെ വ്യാവസായിക മുന്നേറ്റത്തിന് വലിയ പ്രാധാന്യം കൊടുത്തു വാര്‍ത്ത ചെയ്തുവെങ്കിലും മലയാള മാധ്യമങ്ങള്‍ ഇതിന് വേണ്ടത്ര പ്രാധാന്യം നല്‍കിയിട്ടില്ല. അവരെല്ലാം കിറ്റക്‌സ് എം.ഡിയുടെ പിന്നാലെയാണ് പോകുന്നത്.

വിവാദങ്ങളെ വിറ്റ് കാശാക്കുന്ന കച്ചവട തന്ത്രമാണ് അവരില്‍ പലരും ഇപ്പോള്‍ പയറ്റുന്നത്. കേരളം വ്യവസായ സൗഹൃദ സംസ്ഥാനമല്ലെന്ന് ഈ മണ്ണില്‍ നിന്നും പറയുന്ന ഏക മുതലാളി സാബു തന്നെയായിരിക്കും. അദ്ദേഹത്തിന്റെ ഈ നിലപാടുകള്‍ ഒരു തരം പി.ആര്‍ ഉപദേശത്തിന്റെ ഭാഗമാണെന്ന് ആരെങ്കിലും പറഞ്ഞാല്‍ അതിനെയും ഇപ്പോഴത്തെ സാഹചര്യത്തില്‍ തള്ളിക്കളയാന്‍ കഴിയുകയില്ല. കേരളം വിട്ട് കിറ്റക്‌സ് ഗ്രൂപ്പ് പലായനം ചെയ്യുന്നു എന്ന ബ്രേക്കിങ് ന്യൂസുകളും ചര്‍ച്ചകളും എല്ലാം ഒരു രൂപ ചിലവില്ലാതെയാണ് നടക്കുന്നത്. ഇതാകട്ടെ കിറ്റക്‌സ് എന്ന സ്ഥാപനത്തിന് നല്‍കിയിരിക്കുന്നത് വലിയ ഒരു പബ്ലിസിറ്റിയാണ്. കര്‍ണ്ണാടകയും, തെലങ്കാനയും, ആന്ധ്രയും, തമിഴ്‌നാടും, യു.പിയും ഉള്‍പ്പെടെ നിരവധി സംസ്ഥാനങ്ങള്‍ ക്ഷണിക്കുക കൂടി ചെയ്തതോടെ ദേശീയ തലത്തിലും വലിയ വാര്‍ത്താ പ്രാധാന്യമാണ് കിറ്റക്‌സ് ഗ്രൂപ്പിന് ലഭിച്ചിരിക്കുന്നത്.

ഇത് കണ്ട് സാക്ഷാല്‍ അംബാനിമാര്‍ പോലും അത്ഭുതപ്പെട്ട് പോയിട്ടുണ്ടാകാനാണ് സാധ്യത. ഇടതുപക്ഷം ഭരിക്കുന്ന സംസ്ഥാനത്ത് നിന്നും കിറ്റക്‌സ് ഗ്രൂപ്പിന്റെ 3,500 കോടിയുടെ പദ്ധതി തെലങ്കാനയിലേക്ക് മാറിയത് ബി.ജെ.പിയും ഇപ്പോള്‍ രാഷ്ട്രീയ ആയുധമാക്കുന്നുണ്ട്. സ്വന്തം പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ അവസ്ഥ മറച്ചു വച്ചാണ് കാവിപ്പടയുടെ ഈ കടന്നാക്രമണമെന്നതും ശ്രദ്ധേയമാണ്.

 

Top