കേരളത്തില്‍ വൈകുന്നേരത്തോടെ മഴ കുറയാന്‍ സാധ്യത

കേരളത്തില്‍ വൈകുന്നേരത്തോടെ മഴ കുറയാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. റഡാര്‍, സാറ്റലൈറ്റ് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സൂചനകള്‍ ലഭിക്കുന്നത്. എന്നാല്‍ ഒറ്റപെട്ട ശക്തമായ മഴ തുടരും. അതേസമയം ഓഗസ്റ്റ് 12ന്, തിങ്കളാഴ്ച വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും പുതിയൊരു ന്യൂനമര്‍ദ്ദം രൂപപ്പെട്ട് വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ സാറ്റലൈറ്റുകള്‍ നല്‍കുന്ന വിവരങ്ങള്‍ പ്രവചിക്കുന്നുണ്ട്. ഇതിന്റെ ഫലമായി കേരളത്തിലും 12 മുതല്‍ 14 വരെ ഒറ്റപെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കു സാധ്യതയുണ്ട്.

കഴിഞ്ഞ രണ്ടു ദിവസമായി കേരളം ഉള്‍പ്പടെയുള്ള ദക്ഷിണേന്ത്യയുടെ ആകാശം മൂടിക്കെട്ടി നില്‍ക്കുകയാണെങ്കില്‍ ഇന്ന് മേഘങ്ങള്‍ അല്‍പം നീങ്ങുന്ന കാഴ്ചകളാണ് സാറ്റ്‌ലൈറ്റ് ചിത്രങ്ങളില്‍ കാണുന്നത്. ഓരോ അരമണിക്കൂറുകളിലും പുറത്തുവിടുന്ന ഉപഗ്രഹങ്ങളില്‍ നിന്ന് ലഭ്യമായ കാലാവസ്ഥാ ചിത്രങ്ങളില്‍ ഇക്കാര്യം വ്യക്തമാണ്. പൊതുജനങ്ങള്‍ക്കായി കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ വിവിധ വെബ്സൈറ്റുകളില്‍ സാറ്റ്‌ലൈറ്റ് ചിത്രങ്ങളും ഗ്രാഫിക്സും ആനിമേഷനുകളും പോസ്റ്റ് ചെയ്യുന്നുണ്ട്. അടുത്ത ദിവസങ്ങളില്‍ എത്രത്തോളം മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നത് സംബന്ധിച്ച വിശദമായ ഡേറ്റകളാണ് കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ വെബ്സൈറ്റുകളിലും സോഷ്യല്‍മീഡിയകളിലും പങ്കുവെക്കുന്നത്.

Top