കേരള തീരത്ത് ഉയര്‍ന്ന തിരമാല സാധ്യത ; തീരദേശ വാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

കൊച്ചി : കേരള തീരത്ത് ഉയര്‍ന്ന തിരമാല സാധ്യത മുന്നറിയിപ്പ്. 16 ജൂണ്‍ 2019 രാത്രി 11:30 വരെ കാസര്‍ഗോഡ് മുതല്‍ വിഴിഞ്ഞം വരെയുള്ള കേരള തീരത്ത് 2 മുതല്‍ 3 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന കേന്ദ്രം അറിയിച്ചു. കേരള തീരത്തോട് ചേര്‍ന്ന് കിടക്കുന്ന സമുദ്ര പ്രദേശത്തും ഉയര്‍ന്ന തിരമാലക്ക് സാധ്യതയുണ്ട്.

വേലിയേറ്റ സമയമായ രാവിലെ 7 മണി മുതല്‍ 10 മണി വരെയും വൈകീട്ട് 7 മണി മുതല്‍ 8 മണി വരെയും താഴ്ന്ന പ്രദേശങ്ങളില്‍ ജലനിരപ്പുയരാനും കടല്‍ക്ഷോഭമുണ്ടാകാനും സാധ്യതയുണ്ട്. തീരദേശ വാസികള്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പടിഞ്ഞാറ് ദിശയില്‍ നിന്ന് മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വേഗതയില്‍ കേരള തീരത്തേക്ക് കാറ്റ് വീശാന്‍ സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കുവാനും കടല്‍ പ്രക്ഷുബ്ധമായ തീരങ്ങളില്‍ വിനോദ സഞ്ചാരം ഒഴിവാക്കുവാനും നിര്‍ദേശിച്ചിട്ടുണ്ട്.

Top