ഡല്‍ഹിയെ തകര്‍ത്ത് കേരളം; ഉത്തപ്പയ്ക്കും വിഷ്ണു വിനോദിനും അര്‍ധസെഞ്ചുറി

മുംബൈ: സയിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി 20 മത്സത്തില്‍ ഡല്‍ഹിയെ തകര്‍ത്ത് കേരളം. റോബിന്‍ ഉത്തപ്പയുടെയും വിഷ്ണു വിനോദിന്റെയും തകര്‍പ്പന്‍ അര്‍ധസെഞ്ചുറികളുടെ മികവിലാണ് കേരളം ആറുവിക്കറ്റിന് ഡല്‍ഹിയെ പരാജയപ്പെടുത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹി നിശ്ചിത ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സായിരുന്നു എടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളം 19 ഓവറില്‍ ഇത് മറികടക്കുകയായിരുന്നു. 54 പന്തുകളില്‍ നിന്നും എട്ട് സിക്‌സുകളും മൂന്ന് ഫോറുകളുമടക്കം റോബിന്‍ ഉത്തപ്പ 91 റണ്‍സെടുത്തു. 38 പന്തുകളില്‍ നിന്നും അഞ്ച് സിക്‌സുകളും 3 ഫോറുകളുമടക്കം 71 റണ്‍സെടുത്ത് വിഷ്ണു വിനോദും പുറത്താവാതെ നിന്നു.

ടൂര്‍ണമെന്റിലെ കേരളത്തിന്റെ തുടര്‍ച്ചയായ മൂന്നാം വിജയമാണിത്. ഈ വിജയത്തോടെ 12 പോയന്റുകളുമായി ഗ്രൂപ്പ് ഇ യില്‍ കേരളം മുന്നിലെത്തി. ഒരു ഘട്ടത്തില്‍ വലിയ തകര്‍ച്ച നേരിട്ട കേരളത്തെ ഉത്തപ്പയും വിഷ്ണുവും ചേര്‍ന്ന് രക്ഷിക്കുകയായിരുന്നു. ഇരുവരും ചേര്‍ന്ന് 136 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. കഴിഞ്ഞ മത്സരത്തിലെ താരം അസ്ഹറുദ്ദീന്‍ ഇത്തവണ ആദ്യ പന്തില്‍ തന്നെ പുറത്തായി. സഞ്ജുവിനും ഇന്ന് തിളങ്ങാനായില്ല. ഡല്‍ഹിയ്ക്കായി ഇഷാന്ത് ശര്‍മ, സിമര്‍ജീത്ത് സിങ്, പ്രദീപ് സംഗ്വാന്‍, ലളിത് യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

48 പന്തുകളില്‍ നിന്നും 77 റണ്‍സെടുത്ത ഡല്‍ഹിയുടെ നായകൻ ശിഖര്‍ ധവാന്റെ പ്രകടനത്തിന്റെ ബലത്തിലാണ് ഡല്‍ഹി കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. 7 ഫോറുകളും 3 സിക്‌സുകളുമാണ് ധവാന്റെ അകൗണ്ടിലുള്ളത്. ധവാന് പുറമേ 25 പന്തുകളില്‍ നിന്നും 52 റണ്‍സെടുത്ത ലളിത് യാദവും 10 പന്തുകളില്‍ നിന്നും 27 റണ്‍സെടുത്ത അനൂജ് റാവത്തും 15 പന്തുകളില്‍ നിന്നും 26 റണ്‍സെടുത്ത ഹിമ്മത്ത് സിങ്ങും ടീമിനായി മികച്ച പ്രകടനം കാഴ്ചവെച്ചു. നാലോവറില്‍ 46 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റെടുത്ത് എസ്.ശ്രീശാന്താണ് കേരളത്തിനുവേണ്ടി ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. മിഥുന്‍, ആസിഫ്, എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Top