രഞ്ജി ട്രോഫി; കേരള-വിദര്‍ഭ സെമി ഫൈനലിനൊരുങ്ങി വയനാട് കൃഷ്ണഗിരി സ്റ്റേഡിയം

രഞ്ജി ട്രോഫി സെമി ഫൈനലിനുളള കളമൊരുങ്ങുന്നത് വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തില്‍. കേരളവും വിദര്‍ഭയും തമ്മിലുളള പോരാട്ടത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ചരിത്രത്തിലാധ്യമായി സെമിയില്‍ പ്രവേശിക്കാനായതിന്റെ ആശ്വാസത്തിലാണ് കേരളം പോരാട്ടത്തിനിറങ്ങുന്നത്. ബാറ്റിംഗിനും ബോളിംഗിനും ഒരുപോലെ ഇണങ്ങുന്ന പിച്ചാകും സെമി ഫൈനലിന് ഒരുക്കുകയെന്ന് വയനാട് ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചു.

ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളില്‍ ഗുജറാത്തിനെതിരെ കേരള ടീമിനെ അകമഴിഞ്ഞ് തുണച്ചിരുന്നത് ഫാസ്റ്റ് ബൗളിംഗിന് അനുകൂലമായ പിച്ചായിരുന്നു.ബൗളര്‍മാര്‍ ഈ സാഹചര്യം പരമാവധി പ്രയോജനപ്പെടുത്തുകയും ചെയ്തു.എന്നാല്‍ സെമി ഫൈനല്‍ പോരാട്ടങ്ങള്‍ക്ക് സ്‌റ്റേഡിയത്തിലെ തന്നെ മറ്റൊരു പിച്ചാകും ഉപയോഗിക്കുകയെന്നാണ് ബിസിസിഐ നല്‍കുന്ന സൂചന. ബാറ്റിംഗിനേയും ബൗളിംഗിനേയും ഒരുപോലെ തുണക്കുന്ന പിച്ചാകും സെമി ഫൈനലിനുണ്ടാകുക. ഇന്ത്യന്‍ താരം ഉമേഷ് യാദവ് ഉള്‍പ്പെടുന്ന വിദര്‍ഭയുടെ പേസ് ബോളിംഗ് നിരയെ അതിജീവിച്ച് വസീം ജാഫര്‍ നയിക്കുന്ന ബാറ്റിംഗ് നിരയെ തളക്കുകയാണ് കൃഷ്ണഗിരിയില്‍ കേരളത്തിന്റെ ഏറ്റവും വലിയ വെല്ലുവിളി.

Top