സെനറ്റ് യോഗത്തിന് പൊലീസ് സംരക്ഷണം വേണമെന്ന് കേരള വിസി

കേരള സർവകലാശാല സെനറ്റ് യോഗത്തിന് പൊലീസ് സംരക്ഷണം വേണമെന്ന് വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ. ഇതുസംബന്ധിച്ചു സിറ്റി പൊലീസ് കമ്മിഷണർക്ക് കത്തുനൽകാൻ റജിസ്ട്രാർക്ക് വിസി നിർദേശം നൽകി. സെനറ്റ് അംഗങ്ങളെ തടയാൻ സാധ്യതയുണ്ടെന്നാണു വിസിയുടെ ആരോപണം. ഈ മാസം പതിനാറിനാണ് സെനറ്റ് യോഗം നടക്കുക. വൈസ് ചാൻസലർ നിയമനത്തിനുള്ള സേർച് കമ്മിറ്റിയിലേക്കു പ്രതിനിധിയെ കണ്ടെത്താനാണ് സെനറ്റ് യോഗം.

കണ്ണൂർ സർവകലാശാല കേസിലെ വിധിയെ തുടർന്നാണ് എട്ടു സർവകലാശാലകളിലും വിസിമാരെ നിയമിക്കാൻ ഗവർണർ ശ്രമം ആരംഭിച്ചിരിക്കുന്നത്. എട്ട് സർവകലാശാലകളിലേക്കും സെനറ്റ് പ്രതിനിധിയെ നൽകണമെന്ന് ആവശ്യപ്പെട്ട് കത്തും കൈമാറിയിട്ടുണ്ട്. കേരള, എംജി, കുസാറ്റ്, കണ്ണൂർ, മലയാളം, കെടിയു, അഗ്രികൾചർ, ഫിഷറീസ് സർവകലാശാലകൾക്കാണു കത്തു നൽകിയത്. ചാൻസലർ, യുജിസി, സർവകലാശാല പ്രതിനിധികൾ എന്നിവരടങ്ങുന്ന സേർച് കമ്മിറ്റി നൽകുന്ന പട്ടികയിൽ നിന്നാണ് വിസിയെ നിയമിക്കുക.

Top