കേരള സര്‍വകലാശാലയുടെ പ്രത്യേക സിന്‍ഡിക്കേറ്റ് യോഗം ഇന്ന്

തിരുവനന്തപുരം: ഗവർണറുമായുള്ള പോര് തുടരുന്നതിനിടെ കേരള സർവകലാശാലയുടെ പ്രത്യേക സിൻഡിക്കേറ്റ് യോഗം ഇന്ന് ചേരും. പുതിയ വിസിയെ തെരഞ്ഞെടുക്കാനുള്ള സെർച്ച് കമ്മറ്റിയിലേക്ക് സെനറ്റ് അംഗത്തെ നിശ്ചയിക്കണമെന്ന ഗവർണറുടെ അന്ത്യശാസനവും ഇതിൻമേലുള്ള നടപടികളും യോഗത്തിൽ ചർച്ചയാകും.

സെനറ്റ് പ്രതിനിധി വൈകിയതിനെ തുടർന്ന് യുജിസിയുടെയും ഗവർണറുടെയും പ്രതിനിധികളെ മാത്രം ഉൾക്കൊള്ളിച്ചാണ് കഴിഞ്ഞ ഓഗസ്റ്റിൽ പുതിയ വീസി യെ തെരഞ്ഞെടുക്കാനുള്ള സെർച്ച് കമ്മറ്റിക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രൂപം നൽകിയിരുന്നത്. ഇതിന് പിന്നാലെയാണ് സെനറ്റ് പ്രതിനിധിയെ ഈ മാസം 26നു മുൻപ് നാമനിർദേശം ചെയ്യണമെന്ന് കേരള വി സിയോട് ഗവർണർ നിർദ്ദേശിച്ചിരുന്നത്.

വീണ്ടും സെനറ്റ് യോഗം ചേരാൻ കഴിയില്ലെന്ന നിലപാടാണ് വിസി ഗവർണറെ അറിയിച്ചത്. ഏകപക്ഷീയമായി ഗവർണർ സെർച്ച് കമ്മിറ്റി രൂപീകരിച്ചതിനെതിരെ പ്രമേയം പാസാക്കിയ സാഹചര്യത്തിൽ വീണ്ടുമൊരു സെനറ്റ് യോഗം വിളിക്കുന്നതിൽ പ്രസക്തിയില്ലെന്നും വി സി മറുപടി നൽകിയിരുന്നു. എന്നാൽ വിസിയുടെ മറുപടിയിൽ ഗവർണർക്ക് കടുത്ത അതൃപ്തിയുണ്ടെന്നാണ് സൂചന.ഇതിനിടയിലാണ് പ്രത്യേക സിൻഡിക്കേറ്റ് യോഗം ഇന്ന് ചേരുന്നത്.

Top