മോഡറേഷന്‍ തട്ടിപ്പ്; കൃത്രിമം നടത്തിയത് എഴുപതോളം പഴയ പാസ്‌വേഡ്‌ ഉപയോഗിച്ച്

തിരുവനന്തപുരം: കേരള യൂണിവേഴ്‌സിറ്റി മാര്‍ക്ക് തട്ടിപ്പിന് പിന്നില്‍ ജീവനക്കാരുടെ വീഴ്ച. കമ്പ്യൂട്ടര്‍ വൈദഗ്ധ്യം ഇല്ലാത്തവര്‍ ഐടി സെല്ലിന്റെ ചുമതല ഏറ്റെടുത്ത ശേഷമാണു കൃത്രിമങ്ങള്‍ നടന്നതെന്ന് പരീക്ഷാ വിഭാഗത്തിലെ ജീവനക്കാര്‍ പറയുന്നു. 2016 മുതല്‍ 2019 വരെയുള്ള ബിരുദ പരീക്ഷകളുടെ മാര്‍ക്കിലാണ് ക്രമക്കേട് കണ്ടെത്തിയത്. 16 ബി.എ, ബിഎസ്സി പരീക്ഷകളിലാണ് ക്രമക്കേട് നടന്നത്.

മോഡറേഷന്‍ മാര്‍ക്ക് തട്ടിപ്പ് നടന്നത് രണ്ട് ഡെപ്യൂട്ടി രജിസ്ട്രാര്‍മാര്‍ക്ക് നല്‍കിയ പാസ് വേര്‍ഡ് ഉപയോഗിച്ചാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ തന്നെ തെളിഞ്ഞിരുന്നു. എഴുപതോളം പഴയ പാസ്‌വേഡുകള്‍ ഉപയോഗിച്ചാണു പരീക്ഷാ വിഭാഗത്തില്‍ മാര്‍ക്ക് രേഖകളില്‍ കൃത്രിമം നടത്തിയതെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ട്.

മോഡറേഷനുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്തിരുന്നതു പരീക്ഷാ വിഭാഗത്തിലെ കംപ്യൂട്ടര്‍ സെന്ററായിരുന്നു. എന്നാല്‍ കംപ്യൂട്ടര്‍ സെന്റര്‍ ഡയറക്ടര്‍ ഒരു സമാന്തര പരീക്ഷാ വിഭാഗം തലവനായി മാറിയിരിക്കുകയാണെന്നും പാസ്‌വേഡ്‌ നല്‍കുന്നതിന് ഉള്‍പ്പെടെ യൂണിവേഴ്‌സിറ്റി ഓഫിസില്‍ പ്രത്യേക ഐടി സെല്‍ രൂപീകരിക്കണമെന്നും മുന്‍ പരീക്ഷാ കണ്‍ട്രോളറുടെ നിര്‍ദേശപ്രകാരം സിന്‍ഡിക്കേറ്റ് അസിസ്റ്റന്റ് രജിസ്ട്രാറുടെ നിയന്ത്രണത്തില്‍ 2017 മാര്‍ച്ച് 17ന് സെല്‍ രൂപീകരിക്കുകയായിരുന്നു.

ജീവനക്കാര്‍ക്കു നല്‍കുന്ന പാസ്‌വേഡ്‌ അവര്‍ സ്ഥലം മാറുമ്പോള്‍ മാറ്റണമെന്നാണു ചട്ടം. പുതുതായി വരുന്ന ഉദ്യോഗസ്ഥനു പുതിയ പാസ്‌വേഡ്‌ നല്‍കേണ്ടതു സെല്ലിന്റെ ചുമതലയാണ്. മുന്‍പ് കംപ്യൂട്ടര്‍ സെന്റര്‍ ഇതു കൃത്യമായി നിര്‍വഹിച്ചിരുന്നു.എന്നാല്‍ ഐടി സെല്ലിലെ ഉദ്യോഗസ്ഥര്‍ പഴയ പാസ്‌വേഡുകള്‍ പിന്നീട് പുതുക്കിയിരുന്നില്ല. ഇതാണിപ്പോള്‍ ക്രമക്കേടുകള്‍ ഉണ്ടാകാന്‍ കാരണം

2016ന് മുന്‍പ് സര്‍വകലാശാല പരീക്ഷാ വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന താല്‍ക്കാലിക ജീവനക്കാരുടെ പാസ്വേഡുകള്‍ പോലും ഇതേവരെ പിന്‍വലിച്ചിട്ടില്ലെന്നും ആ പാസ്‌വേഡ്‌ ഉപയോഗിച്ചു തിരിമറി നടത്താനാകുമെന്നും ഉദ്യാഗസ്ഥര്‍ പറയുന്നു. സര്‍വകലാശാല സിന്‍ഡിക്കേറ്റ് നിയോഗിച്ച മൂന്നംഗ സമിതി മാര്‍ക്കു തട്ടിപ്പ് സംബന്ധിച്ച അന്വേഷണം ആരംഭിച്ചു.

അതേസമയം തിരുത്തപ്പെട്ട മാര്‍ക്ക് ഉള്‍പ്പെടെ ഡാറ്റകള്‍ സീല്‍ ചെയ്യാന്‍ യൂണിവേഴ്സിറ്റി ആവശ്യപ്പെട്ട സാഹചര്യത്തില്‍ ക്രൈംബ്രാഞ്ച് സംഘം ഇന്ന് യൂണിവേഴ്സിറ്റിയിലെത്തിയേക്കും. അന്വേഷണവുമായി ബന്ധപ്പെട്ട ഡാറ്റകള്‍ നശിപ്പിക്കാതിരിക്കാനും മറ്റു ഡാറ്റകള്‍ യൂണിവേഴ്സിറ്റിക്ക് ഉപയോഗിക്കാനും ഇതിലൂടെ സാധിക്കുമെന്നാണ് യൂണിവേഴസ്റ്റി കരുതുന്നത്.

സിന്‍ഡിക്കേറ്റംഗം ഗോപ്ചന്ദിന്റെ നേതൃത്വത്തിലുള്ള സാങ്കേതിക സമിതി ഇന്നലെ കമ്പ്യൂട്ടര്‍ സെന്റര്‍ ഡയറക്ടര്‍, പരീക്ഷാ കണ്‍ട്രോളര്‍, പരീക്ഷാ വിഭാഗത്തിലെ ഏതാനം ഉദ്യോഗസ്ഥര്‍ എന്നിവരുമായി സംസാരിച്ചു. മാര്‍ക്ക് കൂടിയത് സംബന്ധിച്ച് വിശദീകരണവും കേട്ടു. ഈ കൂടിക്കാഴ്ചയിലാണ് സോഫ്റ്റ് വെയര്‍ തകരാറും കാരണമായിട്ടുണ്ടോ എന്ന സംശയം അന്വേഷണ സംഘത്തിനുണ്ടായത്.

അതേസമയം ആരോപണ ഉയര്‍ന്ന ബി.സി.എ, ബി.കോം പരീക്ഷകളില്‍ മാത്രമല്ല മറ്റു പരീക്ഷകള്‍ക്കും ഈ സോഫ്റ്റുവെയര്‍ തന്നെയാണ് ഉപയോഗിക്കുന്നതെന്നാണ് കമ്പ്യൂട്ടര്‍ സെന്റര്‍ അധികൃതര്‍ പറയുന്നത്.

Top