വിസി നിയമനം; ഗവർണറുടെ കത്തിൽ നിയമോപദേശം തേടി കേരള സർവകലാശാല

തിരുവനന്തപുരം: വിസി നിയമനത്തിൽ സെർച്ച് കമ്മറ്റി അംഗത്തെ നിർദ്ദേശിക്കണമെന്ന ഗവർണറുടെ കത്തിൽ നിയമോപദേശം തേടി കേരള സർവകലാശാല. സർവകലാശാലയെ മറികടന്ന് ഗവർണർ വിസിയെ തീരുമാനിച്ചാൽ എന്തുചെയ്യണമെന്ന കാര്യത്തിലാണ് നിയമോപദേശം തേടിയത്. അടിയന്തരമായി സെനറ്റ് യോഗം ചേർന്ന് പ്രതിനിധിയെ നിർദ്ദേശിക്കാനാണ് വൈസ് ചാൻസലർക്ക് ഗവർണർ നൽകിയ നിർദ്ദേശം.

പുതിയ വിസിയെ തീരുമാനിക്കാനുള്ള ഗവർണറുടെ നീക്കത്തോട് സർവകലാശാല സഹകരിക്കില്ല. രണ്ടംഗ കമ്മിറ്റിയെ കൊണ്ട് വൈസ് ചാൻസലറെ കണ്ടെത്തി നിയമിക്കാനുള്ള നീക്കം ഉണ്ടായാൽ അത് തടയാനുള്ള നിയമവഴികളാണ് സർവകലാശാല തേടുന്നത്. നിലവിലെ സർവകലാശാല നിയമ പ്രകാരം സെർച്ച് കമ്മിറ്റിയിൽ മൂന്നംഗങ്ങളാണ് വേണ്ടത്. ഇതിൽ ഗവർണറുടെയും യുജിസിയുടെയും പ്രതിനിധികളെ തീരുമാനിച്ചു കഴിഞ്ഞു. പ്രതിനിധിയെ നിശ്ചയിച്ചു നൽകണമെന്ന ഗവർണറുടെ ആവശ്യത്തോട് സർവകലാശാല നേരത്തെ മുഖം തിരിച്ചതാണ്. സർവകലാശാല ഭേദഗതി ബിൽ പാസായശേഷം അഞ്ചംഗ കമ്മിറ്റി രൂപീകരിച്ച് സർക്കാരിന് താല്പര്യമുള്ളവരെ വിസിയാക്കാനായിരുന്നു ശ്രമം. ഇതിനു തടയിടാനാണ് അടിയന്തരമായി പേര് നിർദ്ദേശിക്കാൻ ഗവർണർ ആവശ്യപ്പെട്ടത്. ചാൻസലർ കൂടിയായ ഗവർണർക്കെതിരെ പ്രമേയം പാസാക്കിയ സർവകലാശാല ഇപ്പോഴും ശക്തമായ നിലപാടെടുക്കാൻ തന്നെയാണ് സാധ്യത. സെനറ്റ് യോഗം ചേരേണ്ട തീയതിയും തുടർ നടപടികളും രണ്ടുദിവസത്തിനുള്ളിൽ സർവ്വകലാശാല തീരുമാനിക്കും.

Top