തെളിവുകളില്ല; കേരള സര്‍വകലാശാല അസിസ്റ്റന്റ് നിയമന കേസ് എഴുതിത്തള്ളി

തിരുവനന്തപുരം: കേരള സര്‍വകലാശാല അസിസ്റ്റന്റ് നിയമന കേസ് ക്രൈംബ്രാഞ്ച് എഴുതി തള്ളി. സര്‍വകലാശാല മുന്‍ വി.സി, രജിസ്ട്രാര്‍, അഞ്ച് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ എന്നിവരായിരുന്നു കേസിലെ പ്രതികള്‍. കേസ് നിലനില്‍ക്കില്ലെന്ന് നിയമോപദേശം കിട്ടിയതായും തെളിവുകളില്ലെന്നും അതിനാല്‍ എഴുതിത്തള്ളുന്നുവെന്നും കാണിച്ച് ക്രൈംബ്രാഞ്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.

മുന്‍ വി.സി അടക്കം ഉള്ളവരെ പ്രതികളാക്കി നേരത്തെ ക്രൈം ബ്രാഞ്ച് കുറ്റപത്രം നല്‍കിയിരുന്നു. അസിസ്റ്റന്റ് നിയമത്തില്‍ തട്ടിപ്പ് നടത്തിയെന്നും കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു. തുടരന്വേഷണം നടത്തിയാണ് പ്രതികള്‍ക്കെതിരെ തെളിവില്ലെന്ന് റിപ്പോര്‍ട്ട് നല്‍കിയത്.

പരീക്ഷ എഴുതാത്തവര്‍ പോലും നിയമനം നേടിയെന്നാണ് കേസ്. പരീക്ഷയ്ക്ക് വരാത്തവര്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുത്ത് നിയമനം നേടി. പരീക്ഷ എഴുതിയവരുടെയെല്ലാം ഫലം പുറത്തുവന്നില്ല. ഉത്തരപേപ്പര്‍ മൂല്യനിര്‍ണയത്തിന് അയച്ചപ്പോള്‍ തന്നെ 46 എണ്ണം കുറവായിരുന്നു. തിരിമറി നടത്തിയ ലാപ്ടോപ് മോഷണം പോയെന്ന് വിരമിച്ച് ഒരു വര്‍ഷത്തിന് ശേഷം വി.സി അറിയിച്ചു.

ഇങ്ങനെ വ്യാപകമായ ക്രമക്കേടായിരുന്നു അസിസ്റ്റന്റ് നിയമനത്തില്‍ നടന്നത്. തുടര്‍ന്ന് വിജിലന്‍സ് അന്വേഷിച്ച് ക്രൈംബ്രാഞ്ചിനു കേസ് കൈമാറുകയായിരുന്നു. ക്രൈംബ്രാഞ്ച് ആദ്യം സമര്‍പ്പിച്ച കുറ്റപത്രം റദ്ദാക്കി കോടതി പുനരന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. നിയമനം ലഭിച്ചവരെ ചോദ്യം ചെയ്യാനോ മൊഴിരേഖപ്പെടുത്താനോ അന്വേഷണ ഉദ്യോഗസ്ഥന്‍ ശ്രമിച്ചില്ലെന്നും ആഴത്തിലുള്ള പരിശോധന ആവശ്യമാണെന്നും കോടതി നിരീക്ഷിച്ചിരുന്നു.
ഇതനുസരിച്ചുള്ള പുനരന്വേഷണ റിപ്പോര്‍ട്ടിലാണ് കേസ് അവസാനിപ്പിക്കുന്നു എന്ന് ക്രൈംബ്രാഞ്ച് അറിയിച്ചത്.

Top