സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച ഉത്തരവ്; ഗവര്‍ണറുടെ നടപടിക്കെതിരെ സര്‍വകലാശാല കോടതിയിലേക്ക്

തിരുവനന്തപുരം: സെനറ്റ് അംഗങ്ങളെ പിൻവലിച്ച് ഉത്തരവിറക്കിയ ഗവർണറുടെ നടപടിക്കെതിരെ കേരള സർവകലാശാല കോടതിയെ സമീപിക്കുന്ന കാര്യത്തിൽ ഇന്ന് തീരുമാനമെടുക്കും. ഗവർണറുടെ നടപടി സർവകലാശാല നിയമങ്ങൾക്ക് വിരുദ്ധമാണെന്നാണ് സർവകലാശാലയുടെ നിലപാട്. 15 അംഗങ്ങളെ സെനറ്റിൽ നിന്ന് പിൻവലിച്ച് ഉത്തരവിറക്കിയ നടപടിക്കെതിരായാണ് സർവകലാശാല കോടതിയെ സമീപിക്കാനൊരുങ്ങുന്നത്.

സെനറ്റിൽ നിന്ന് പിൻവലിക്കപ്പെട്ട രണ്ട് അംഗങ്ങളാണ് കോടതിയെ സമീപിക്കുന്നത്. ഇതിൽ അന്തിമ തീരുമാനം ഇന്നുണ്ടാകും. കേസിൽ ഗവർണർക്കെതിരായ നിലപാടാണ് സർവകലാശാല കൈക്കൊള്ളുക. ഗവർണറുടെ നടപടി സ്റ്റേ ചെയ്യണമെന്നാകും കോടതിയിൽ പ്രധാനമായും ആവശ്യപ്പെടുക. സ്റ്റേ അനുവദിച്ചാൽ അടുത്ത സെനറ്റ് യോഗത്തിൽ ആ അംഗങ്ങളെ പങ്കെടുപ്പിക്കാൻ കഴിയും. ഇതിലൂടെ ഗവർണർക്ക് തിരിച്ചടി നൽകാൻ കഴിയുമെന്നാണ് സിപിഐഎം നീക്കം.

സെനറ്റ് യോഗത്തിൽ പങ്കെടുക്കാത്ത 15 പേരെ ഗവർണർ അയോഗ്യരാക്കിയിരുന്നു. ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിക്കാനുള്ള നിർദേശം ഗവർണർ സർവകലാശാല വി സിക്ക് നൽകുകയും ചെയ്തിരുന്നു. ഉടൻ തന്നെ ഉത്തരവ് പുറത്തിറക്കണമെന്നായിരുന്നു ഗവർണറുടെ അന്ത്യശാസനം. എന്നാൽ സർവകലാശാല ഇത് തള്ളുകയായിരുന്നു. വി സി സ്ഥലത്തില്ലാത്തതിനാൽ നടപടിയെടുക്കാൻ സാധിക്കില്ലെന്ന് സർവകലാശാല രാജ്ഭവനെ രേഖാമൂലം അറിയിക്കുകയായിരുന്നു.

Top