മുല്ലപ്പള്ളിയുടേത് സ്വാഭാവിക പേടി തന്നെ, മുന്നില്‍ കാണുന്നത് ഇടതു ഭരണ തുടര്‍ച്ച !

പൗരത്വ നിയമ ഭേദഗതി വിവാദത്തില്‍ തട്ടി ഉലഞ്ഞ് യു.ഡി.എഫ് നേതൃത്വം. ഇടതുപക്ഷവുമായി യോജിച്ചുള്ള പ്രക്ഷോഭത്തില്‍ നിന്നും പ്രതിപക്ഷം പിന്‍മാറിയത് തന്നെ അണികളെ പേടിച്ചിട്ടാണ്.

മുഖ്യമന്ത്രിക്കൊപ്പം പ്രതിപക്ഷ നേതാവ് ഒരുമിച്ച് വേദി പങ്കിട്ടത് അബദ്ധമായി പോയി എന്ന വിലയിരുത്തലിലാണ് പ്രബല വിഭാഗമുള്ളത്.


ചെന്നിത്തലക്ക് പിന്തുണയുമായി ഉമ്മന്‍ ചാണ്ടിയും ലീഗുമെല്ലാം രംഗത്ത് വന്നിട്ടുണ്ടെങ്കിലും പ്രതിഷേധം തണുത്തിട്ടില്ല.

രാഷ്ട്രീയ എതിരാളിയായ സി.പി.എമ്മിനൊപ്പം സഹകരിക്കുക എന്നതിനര്‍ത്ഥം സ്വയം നശിക്കുക എന്നതാണെന്നാണ് മുന്നണിയിലെ പൊതു വികാരം.

മുല്ലപ്പള്ളി രാമചന്ദ്രന്റെയും കെ.മുരളീധരന്റെയും സുധീരന്റേയും നിലപാടിനാണ് യു.ഡി.എഫ് അണികള്‍ പ്രാമുഖ്യം നല്‍കുന്നത്. പൗരത്വ നിയമ പ്രക്ഷോഭത്തില്‍ സി.പി.എം ഗോളടിച്ച് കഴിഞ്ഞതായാണ് ഈ നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ സംയുക്ത പ്രക്ഷോഭത്തില്‍ സിപിഎമ്മുമായി സഹകരിക്കില്ലെന്ന  കടുത്ത നിലപാടിലാണ് ഇപ്പോഴും മുല്ലപ്പള്ളി രാമചന്ദ്രന്‍.

യോഗി ആദിത്യനാഥും യെദ്യൂരപ്പയുമായി പിണറായിക്ക് വ്യത്യാസമില്ലെന്നും കോണ്‍ഗ്രസ് നേതാക്കളെ ജയിലില്‍ അടച്ച നടപടിയിലൂടെ ബിജെപിയെ സന്തോഷിപ്പാക്കാനാണ് പിണറായിയുടെ ശ്രമമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചിട്ടുണ്ട്.

കെപിസിസി പ്രസിഡന്റ് എന്ന നിലയില്‍ താന്‍ പറയുന്നതാണ് പാര്‍ട്ടി നിലപാട് . സിപിഎമ്മുമായി സഹകരിച്ച് സമരമില്ലെന്ന നിലപാടില്‍ ഒരുമാറ്റവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

സിപിഎമ്മുമായി കൈകോര്‍ക്കുന്നത് പ്രവര്‍ത്തകര്‍ക്കിടയില്‍ എതിര്‍ വികാരമുണ്ടാക്കുമെന്നും കെപിസിസി പ്രസിഡന്റ് ചൂണ്ടിക്കാട്ടുന്നുണ്ട്.

ലീഗ് നേതാക്കളില്‍ നിന്ന് അടക്കം രമേശ് ചെന്നിത്തലയുടെ നിലപാട് സ്വാഗതം ചെയ്ത് രംഗത്തെത്തുമ്പോഴും സിപിഎമ്മുമായി സഹകരണത്തിന് ഇല്ലെന്ന കെപിസിസി പ്രസിഡന്റിന്റെ നിലപാടിനാണ് യുഡിഎഫില്‍ കൂടുതല്‍ പിന്തുണയുള്ളത്.

കരുണാകരനും ആന്റണിയും ഒന്നിച്ചെടുത്ത തീരുമാനങ്ങള്‍ ഹൈക്കമാന്റ് അംഗീകരിച്ചിരുന്നുവെന്നാണ് കെ മുരളീധരന്‍ എംപി ഓര്‍മ്മിപ്പിച്ചത്. പരസ്പരം ആരും അറിയാതെയാണ് ഇപ്പോള്‍ തീരുമാനങ്ങള്‍ എടുക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാരിനെതിരെ സമരം നടത്തുമ്പോള്‍ ഒരുമിച്ച് സമരം ബുദ്ധിമുട്ടാണ്. യെച്ചൂരിയും സോണിയയും ഒന്നിച്ചിരുന്നാല്‍ അത് കേരളത്തില്‍ പ്രായോഗികമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സമാനമായ നിലപാടാണ് വിഎം സുധീരനും സ്വീകരിച്ചിരിക്കുന്നത്.

അതേസമയം കോണ്‍ഗ്രസ്സ് പ്രക്ഷോഭത്തിന് ഇറങ്ങിയത് പോലും വൈകി പോയെന്ന വിലയിരുത്തലാണ് കോണ്‍ഗ്രസ് അണികള്‍ക്കുള്ളത്.

പ്രതിപക്ഷ നേതാവിനെ ഒപ്പം കൂട്ടി തലസ്ഥാനത്ത് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തിയ സമരത്തോടെ യു.ഡി.എഫാണ് ഇവിടെ ശരിക്കും തളയ്ക്കപ്പെട്ടത്.

സി.പി.എം ആകട്ടെ കൃത്യമായി വര്‍ഗ്ഗ ബഹുജന സംഘടനകളെ രംഗത്തിറക്കി കളം പിടിക്കുകയും ചെയ്തു.

എസ്.എഫ്.ഐയും ഡി.വൈ.എഫ്.ഐയും നടത്തിയ പ്രക്ഷോഭത്തില്‍ യു.ഡി.എഫ് അനുഭാവികള്‍ പോലും പങ്കെടുക്കുന്ന അവസ്ഥവരെ ഉണ്ടായി.

കാമ്പസുകളിലും തെരുവുകളിലും ഇടതുപക്ഷം പ്രക്ഷോഭ തീ കൊളുത്തുമ്പോള്‍ കാഴചക്കാരന്റെ റോളിലായിരുന്നു പ്രതിപക്ഷ പ്രവര്‍ത്തകര്‍. പ്രതിഷേധിക്കാന്‍ വൈകി ഇറങ്ങിയവരാകട്ടെ  കോഴിക്കോട്ടുള്‍പ്പെടെ അഴിക്കുള്ളിലുമായി.

സി.പി.എം പ്രക്ഷോഭം കണ്ട് എടുത്ത് ചാടിയതാണ് കോണ്‍ഗ്രസ്സ് നേതാക്കള്‍ക്ക് വിനയായിരിക്കുന്നത്.ഇതിനെതിരെ ഫലപ്രദമായി പ്രതിഷേധിക്കാന്‍ പോലും യു.ഡി.എഫ് നേതൃത്വത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

പൗരത്വ നിയമ ഭേദഗതി പാര്‍ലമെന്റ് പാസാക്കിയ ഉടനെ തന്നെ തന്ത്രപരമായാണ് സി.പി.എം വിഷയത്തെ സമീപിച്ചിരുന്നത്. നിലപാട് പ്രഖ്യാപനത്തിലും പ്രക്ഷോഭത്തിലും ആ വ്യക്തത പ്രകടമായിരുന്നു.

കേരളത്തില്‍ പൗരത്വ നിയമം നടപ്പാക്കില്ലന്ന് മുഖ്യമന്ത്രി തന്നെ തുറന്നടിച്ചത് ഇടതുപക്ഷത്തിന് വലിയ നേട്ടമാണ് സമ്മാനിച്ചിരിക്കുന്നത്. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ വലിയ സ്വീകാര്യത ലഭിക്കാന്‍ ഈ പ്രഖ്യാപനം ഒരു പരിതിവരെ കാരണമായിട്ടുണ്ട്.

എസ്.എഫ്.ഐ- ഡി.വൈ.എഫ്.ഐ പ്രക്ഷോഭങ്ങളിലും വലിയ പങ്കാളിത്വമാണ് ഉണ്ടായിരിക്കുന്നത്. പരമ്പരാഗതമായി കമ്യൂണിസ്റ്റുകളോട് അകലം പാലിക്കുന്നവര്‍ പോലും ചെങ്കൊടി പിടിക്കുന്ന കാഴ്ച മലപ്പുറത്ത് പോലും ദൃശ്യമായിട്ടുണ്ട്.

pinarayi-vijayan-cm

pinarayi-vijayan-cm

ബി.ജെ.പിയെയും മോദിയെയും എതിര്‍ക്കാന്‍ തക്കശേഷിയുള്ള നേതാവായാണ് പിണറായിയെ ഈ വിഭാഗമിപ്പോള്‍ കാണുന്നത്. ഇതുവരെ വില്ലനായി മാത്രം കണ്ട പിണറായി ഒറ്റ  പ്രഖ്യാപനത്തിലൂടെയാണ് എതിരാളികള്‍ക്കും നായകനായി മാറിയിരിക്കുന്നത്.

ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നും ലഭിക്കുന്ന ഈ പിന്തുണ യു.ഡി.എഫ് വോട്ട് ബാങ്കാണ് ഇനി ചോര്‍ത്താന്‍ പോകുന്നത്.

ചെന്നിത്തല മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിട്ടതിനെ പിന്തുണയ്ക്കുമ്പോഴും ഇക്കാര്യം ഓര്‍ത്ത് ലീഗിനും ചങ്കിടിപ്പേറിയിട്ടുണ്ട്.

2021ല്‍ പിണറായിയുടെ  ഭരണ തുടര്‍ച്ചക്കുള്ള സാധ്യതയുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകരും ഇപ്പോള്‍ ചൂണ്ടിക്കാട്ടുന്നത്. കേരളത്തിന്റെ സാമുദായിക – രാഷ്ട്രീയ സാഹചര്യങ്ങള്‍ നിരത്തിയാണ് ഈ  വിലയിരുത്തല്‍.

ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി തന്നെയാണ് മുല്ലപ്പള്ളിയും കെ. മുരളീധരനുമെല്ലാം യു.ഡി.എഫില്‍ പുതിയ പോര്‍മുഖം തുറന്നിരിക്കുന്നത്.

അടുത്ത തവണ ഭരണത്തില്‍ തിരിച്ച് വരാന്‍ കഴിഞ്ഞില്ലങ്കില്‍ ഇനി ഒരിക്കലും കണി കാണാന്‍ കിട്ടില്ലന്നാണ് ഇവരുടെ മുന്നറിയിപ്പ്. ഈ അശങ്ക എം.പിമാരും എം.എല്‍.എമാരും ഉള്‍പ്പെടെയുള്ളവര്‍ ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

ഉമ്മന്‍ ചാണ്ടിയെ അറിയിച്ച് പോയത് കൊണ്ടാണ് ചെന്നിത്തലയെ ന്യായീകരിക്കാന്‍ ഉമ്മന്‍ ചാണ്ടി നിര്‍ബന്ധിക്കപ്പെട്ടതെന്നാണ് എ വിഭാഗം നേതാക്കള്‍ ഇപ്പോള്‍ പറയുന്നത്. യാഥാര്‍ത്ഥ്യമെന്തായാലും പിണറായിയുടെ തന്ത്രപരമായ കരുനീക്കത്തില്‍ ആകെ പെട്ട അവസ്ഥയിലാണിപ്പോള്‍ യു.ഡി.എഫ് നേതൃത്വമുള്ളത്.

Political Reporter
Top