kerala udf government come- kunhalikutty

മലപ്പുറം : നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പിനു പിന്നാലെ പുറത്തുവന്ന അഭിപ്രായ സര്‍വേകള്‍ കണക്കിലെടുക്കുന്നില്ലെന്ന് മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. കേരളത്തില്‍ ഇടത് മുന്നേറ്റമുണ്ടാകുമെന്ന സര്‍വേ കണക്കിലെടുക്കുന്നില്ലെന്നും യുഡിഎഫ് മികച്ച ആത്മവിശ്വാസത്തിലാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കേരളത്തില്‍ യുഡിഎഫ് തന്നെ അധികാരത്തിലെത്തുമെന്ന കാര്യത്തില്‍ സംശയമില്ല. വോട്ടെടുപ്പിന് പിന്നാലെ പുറത്തു വന്നിട്ടുള്ള എക്‌സിറ്റ്‌പോള്‍ ഫലങ്ങളിലെല്ലാം മുന്‍പും ഇത്തരത്തില്‍ എല്‍ഡിഎഫിന് മുന്‍തൂക്കം വന്നിട്ടുണ്ടെന്നും എന്നാല്‍ ഫലം നേരെ മറിച്ചായിരുന്നെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഇന്നലെ പുറത്തു വന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ എല്‍ഡിഎഫിന് അനുകൂലമാണ്. എല്‍ഡിഎഫ് 74 മുതല്‍ 82 വരെ സീറ്റുകള്‍ നേടി അധികാരത്തിലെത്തുമെന്നാണ് സീ വോട്ടര്‍ സര്‍വേ പ്രവചിക്കുന്നത്. യുഡിഎഫിന് 54 മുതല്‍ 62 വരെ സീറ്റുകള്‍ ലഭിക്കും. എന്‍ഡിഎക്ക് നാല് സീറ്റു വരെ ലഭിക്കുമെന്നും സീ വോട്ടര്‍ വ്യക്തമാക്കുന്നു.

90 മുതല്‍ 100 സീറ്റുകള്‍ നേടി ഇടതുപക്ഷം അധികാരത്തില്‍ വരുമെന്ന് സിഎന്‍എന്‍ ഫലങ്ങള്‍ പ്രവചിക്കുന്നു. ഇന്ത്യാ ടുഡേ സര്‍വേകളില്‍ സംസ്ഥാനത്ത് ഇടതിന് 88 മുതല്‍ 101 വരെ സീറ്റുകള്‍ ലഭിക്കുമെന്ന് പ്രവചിക്കുന്നു. ബിജെപിക്ക് മൂന്ന് സീറ്റുകള്‍ വരെ ലഭിക്കുമെന്നും ഇന്ത്യാ ടുഡേ സര്‍വേകളില്‍ പറയുന്നു.

Top