Kerala treasuries cashless on salary-pension day

തിരുവനന്തപുരം: സംസ്ഥാനത്തെ ശമ്പള പെന്‍ഷന്‍ വിതരണം ഇന്നും താളം തെറ്റി. വിതരണത്തിന് ആവശ്യമുള്ള തുകയുടെ പകുതി തുക പോലും ട്രഷറികളിലെത്തിയില്ലെന്ന് ട്രഷറി ഡയരക്ടര്‍ പറഞ്ഞു.

ഇന്നത്തെ ദിവസം പെന്‍ഷന്‍ വിതരണത്തിന് ട്രഷറികളില്‍ 300 കോടി രൂപ വേണം. ഉച്ചവരെയുള്ള ആവശ്യത്തിന് 127 കോടി രൂപ വേണമെന്ന് സര്‍ക്കാര്‍ റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ 57 കോടി രൂപ മാത്രമാണ് റിസര്‍വ് ബാങ്ക് ട്രഷറികള്‍ക്ക് നല്‍കിയത്. വ്യാഴാഴ്ചത്തെ കണക്ക് ക്ലോസ് ചെയ്ത ശേഷം 12 കോടി രൂപ മാത്രമാണ് ട്രഷറികളില്‍ രാവിലെ വരെ ഉണ്ടായിരുന്നത്.

രാവിലെ ട്രഷറികളില്‍ ഉണ്ടായിരുന്ന തിരക്കിന് ഉച്ചയോടെ അല്‍പം അയവ് വന്നിരുന്നു. സംസ്ഥാനത്തെ 222 ട്രഷറികളില്‍ വ്യാഴാഴ്ച 12 ട്രഷറികളില്‍ പണം എത്തിച്ചിരുന്നില്ല. പെന്‍ഷന്‍ ലഭിക്കുമെന്ന് കരുതി വ്യാഴാഴ്ച ട്രഷറികളില്‍ എത്തിയ പെന്‍ഷന്‍കാരില്‍ പലരും നിരാശരായി മടങ്ങിയിരുന്നു.

ഇന്ന് പണമെത്താത്ത 50 ട്രഷറികളില്‍ ഇന്നലെ ശേഷിച്ച പണം മാത്രമാണുള്ളത്. രാവിലെ ആറ് മണി മുതല്‍ പണം പിന്‍വലിക്കാനെത്തിയ പലരും ഇന്നും നിരാശരാണ്.

ട്രഷറികളിലേക്ക് ഇന്ന് എത്ര കോടി രൂപ നല്‍കുമെന്ന് റിസര്‍വ് ബാങ്ക് അധികൃതര്‍ വ്യക്തമാക്കിയില്ല. റിസര്‍വ് ബാങ്കിന്റെ മുംബൈ റീജിയണല്‍ ഓഫീസില്‍ നിന്നും ലഭിക്കുന്ന നിര്‍ദേശമനുസരിച്ചാകും തുടര്‍ നടപടികളെന്നാണ് വിവരം. ശമ്പള വിതരണകാര്യത്തിലും ബാങ്കുകളിലും പണത്തിന് ദൗര്‍ലഭ്യമുണ്ട്.

Top