കേരള ട്രാവല്‍ മാര്‍ട്ട്; സ്ഥലപരിമിതി പ്രധാന പ്രശ്‌നമെന്ന് ടൂറിസം സെക്രട്ടറി

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ടൂറിസം മേളയായ കേരള ട്രാവല്‍ മാര്‍ട്ടിന് സ്ഥിരം വേദി വേണമെന്ന് ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്. കേരള വിനോദ സഞ്ചാരമേഖലയ്ക്ക് 34,000 കോടി രൂപയുടെ വരുമാനം ലഭ്യമാക്കുന്നതിനും 25 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും മേള വഴി സാധിക്കുമെന്നാണ് കണക്കാക്കുന്നത്. ഓരോ വര്‍ഷവും കെടിഎമ്മിന് എത്തുന്നവരുടെ എണ്ണം കൂടിവരികയാണെന്നും അടുത്ത വട്ടമെങ്കിലും സ്ഥിരം വേദി ഉണ്ടാകണമെന്നും റാണി ജോര്‍ജ് പറഞ്ഞു.

വിദേശത്തേയും സ്വദേശത്തേയും ടൂറിസം മേഖലയില്‍ നിന്നുമുണ്ടായത് ഇതുവരെ കാണാത്ത മികച്ച പ്രതികരണമാണ്. പ്രളയത്തെ കേരളം എങ്ങനെ അതിജീവിച്ചെന്ന് ലോകത്തിന് കാണിച്ചുകൊടുത്ത മേളയായിരുന്നു ഇത്തവണത്തേത്. കെടിഎമ്മില്‍ പങ്കെടുക്കാന്‍ ലഭിക്കുന്ന അപേക്ഷകളില്‍ പലതും ഒഴിവാക്കേണ്ട അവസ്ഥയുണ്ടായെന്ന് ടൂറിസം സെക്രട്ടറി പറഞ്ഞു. സ്ഥല പരിമിതിയാണ് പ്രധാന പ്രശ്‌നം. അതിനാല്‍ സ്ഥിരം വേദി വേണമെന്നും അവര്‍ പറഞ്ഞു.

മുപ്പത്തയ്യായിരത്തിലധികം വാണിജ്യ കൂടിക്കാഴ്ചകളാണ് ഇത്തവണ കേരള ട്രാവല്‍ മാര്‍ട്ടില്‍ നടന്നത്. വിദേശ സംരംഭകരുമായി പതിനയ്യായിരത്തോളം കൂടിക്കാഴ്ചകളും ആഭ്യന്തര സംരംഭകരുമായി 20,000 കൂടിക്കാഴ്ചകളും നടന്നു. പരിസര ശുചിത്വം ആയിരുന്നു 2018ലെ കെടിഎമ്മിന്റെ നയം. ഈ വര്‍ഷം അവസാനത്തോടെ കേരളത്തിന്റെ വിനോദസഞ്ചാരമേഖല പൂര്‍ണസജ്ജമാകുമെന്ന് ടൂറിസം ഡയറക്ടര്‍ പി.ബാലകിരണും സമാപനസമ്മേളനത്തില്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. കെടിഡിസി എംഡി ആര്‍.രാഹുല്‍, കെടിഎം പ്രസിഡന്റ് ബേബി മാത്യു, സെക്രട്ടറി ജോസ് പ്രദീപ് തുടങ്ങിയവരും സമാപനച്ചടങ്ങില്‍ പങ്കെടുത്തു. മികച്ച സേവനം നടത്തിയ സ്ഥാപനങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങളും വേദിയില്‍ സമ്മാനിച്ചു. ഇനി 2020ലാണ് അടുത്ത് കേരള ട്രാവല്‍ മാര്‍ട്ട്.

Top