ബഫര്‍ സോണിൽ കേരളം കുടുങ്ങിയത് പിണറായി സര്‍ക്കാരിന്റെ കെടുകാര്യസ്ഥത മൂലം; വിഡി സതീശൻ

ബഫര്‍ സോണ്‍ വിഷയത്തിൽ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഗുരുതര വീഴ്ച സംഭവിച്ചതായി വിഡി സതീശൻ. ബഫര്‍ സോണിൽ എൽഡിഎഫ് സർക്കാരിൻറെ ഭാഗത്ത് നിന്ന് കെടുകാര്യസ്ഥത ഉണ്ടായെന്നും ഇതോടൊപ്പം വനംവകുപ്പിൻ്റെ അശ്രദ്ധയും കൂടി ചേര്‍ന്നപ്പോൾ ആണ് ബഫര്‍ സോണ്‍ കേരളത്തിന് മുകളിൽ ഇടിത്തീയായി വീണതെന്നും സതീശൻ പറഞ്ഞു. നിയമസഭയിലെ മീഡിയാ റൂമിൽ വച്ച് മാധ്യമങ്ങളോടായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.

ബഫർ സോൺ വിഷയം ജനവാസ കേന്ദ്രങ്ങളെ ദോഷകരമായി ബാധിക്കുന്നതാണ്. ജനവാസ കേന്ദ്രങ്ങളെ ബഫര്‍ സോണിൽ നിന്നും പൂർണമായി ഒഴിവാക്കണം എന്നായിരുന്നു 2013 -ലെ യുഡിഎഫ് സർക്കാരിൻ്റെ നിലപാട്. എന്നാൽ 2019-ൽ യുഡിഎഫ് തീരുമാനത്തിന് വിരുദ്ധമായി മന്ത്രിസഭാ തീരുമാനമെടുത്തു. അത് കേന്ദ്രത്തിന് അയച്ച് കൊടുക്കുകയും ചെയ്തു. ഈ നിലപാട് കൂടിയാണ് സുപ്രീംകോടതിയിലേക്ക് പോയതും ഇപ്പോൾ ഒരു കിലോമീറ്റര്‍ ബഫര്‍ സോണ്‍ എന്ന ഇടിത്തീയായി വന്നിരിക്കുകയും ചെയ്തിരിക്കുന്നതെന്ന് സതീശൻ പറഞ്ഞു.

പിണറായി സർക്കാർ ബഫര്‍ സോണ്‍ വിഷയത്തിൽ ജനങ്ങളെ കബളിപ്പിക്കുകയാണ്. ഗുരുതരമായ പല വീഴ്ചകളും ബഫര്‍ സോണ്‍ വിഷയത്തിൽ സര്‍ക്കാരിൽ നിന്നുണ്ടായി. സുപ്രീംകോടതിയിൽ നിന്നും ചോദിച്ചു വാങ്ങിയ വിധിയാണിത്. ഒരു കിലോമീറ്റർ ബഫർ സോണാക്കി തരണം എന്ന് കേരളസര്‍ക്കാര്‍ അങ്ങോട്ട് ആവശ്യപ്പെടുകയായിരുന്നു. വനംവകുപ്പിന് ഇക്കാര്യത്തിൽ ഒരു ശ്രദ്ധയുമുണ്ടായില്ല. ബഫര്‍സോണിൽ പ്രതിപക്ഷം സമരത്തിൽ നിന്നും പിന്നോട്ട് പോകില്ലെന്നും വി ഡി സതീശൻ വ്യക്തമാക്കി.

 

Top