യാത്രകള്‍ ഒഴിവാക്കി സുരക്ഷിതരായിരിക്കൂ, കേരള ടൂറിസം വകുപ്പിന്റെ പുതിയ വീഡിയോ

തിരുവനന്തപുരം: കോവിഡ് വ്യാപനം മൂലം രാജ്യം അടച്ചുപൂട്ടലിലായതോടെ സഞ്ചാരപ്രിയരാകെ വീര്‍പ്പ് മുട്ടലിലാണ്. ഈ സാഹചര്യത്തില്‍ ലോക സഞ്ചാരികളോട് യാത്രകള്‍ താല്ക്കാലികമായി ഒഴിവാക്കി വീട്ടില്‍ സുരക്ഷിതരായിരിക്കാന്‍ ആഹ്വാനം ചെയ്യുന്ന കേരള ടൂറിസം വകുപ്പിന്റെ പുതിയ വീഡിയോ ശ്രദ്ധേയമാകുന്നു.

വീട്ടില്‍ സുരക്ഷിതരായിരിക്കുമ്പോള്‍ തന്നെ യാത്രകളോടുള്ള അഭിനിവേശം കെടാതെ സൂക്ഷിക്കാന്‍ വീഡിയോയിലൂടെ ആഹ്വാനം ചെയ്യുന്നുണ്ട്. തിരുവനന്തപുരം എം.പി ശശി തരൂര്‍ വീഡിയോയ്ക്ക് കൈയടിക്കുകയും ട്വിറ്ററില്‍ പങ്കുവെക്കുകയും ചെയ്തു. യാത്ര താല്ക്കാലികമായി നിര്‍ത്തിവെക്കാം. ഇപ്പോള്‍ നമുക്ക് മേഘങ്ങളും പച്ചപ്പും ജനാല പാളികളിലൂടെ കണ്ടാസ്വദിക്കാം. കാണാത്ത സ്ഥലങ്ങളെ പുസ്തകങ്ങളിലൂടെ വായിച്ചറിയാം. ദൂരദേശങ്ങളെ സിനിമയിലൂടെയും നിഗൂഢമായ വനാന്തരങ്ങളെ ഓര്‍മകളിലൂടെയും ചികഞ്ഞെടുക്കാമെന്നും വീഡിയോയില്‍ ഓര്‍മിപ്പിക്കുന്നു.

‘ട്രിപ് അറ്റ് ഹോം’ എന്ന വിഷയത്തിലൂന്നി നിരവധി വിഡിയോകള്‍ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പുറത്തിറക്കുന്നുണ്ട്. യാത്രകളോടുള്ള അഭിനിവേശം അതേപടി നിലനിര്‍ത്താന്‍ സഞ്ചാരികളുടെ ഏറ്റവും മികച്ച യാത്രാനുഭവം പങ്കുവെക്കാനും ആവശ്യപ്പെടുന്നുണ്ട്. ‘ട്രിപ് ഓഫ് മൈ ലൈഫ്’ എന്ന ഹാഷ് ടാഗിലാണ് യാത്രാനുഭവങ്ങള്‍ പങ്കുവെക്കേണ്ടത്.

Top