കേരളത്തില്‍ ആരും ഭക്ഷണവും മതവും തമ്മില്‍ കൂട്ടിക്കുഴയ്ക്കാറില്ല: കടകംപള്ളി

തിരുവനന്തപുരം: കേരള ടൂറിസം സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്ത ബീഫ് ഉലത്തിയതിന്റെ ചിത്രം വന്‍ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ച് പശ്ചാത്തലത്തില്‍ പ്രതികരണവുമായി ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ആരുടെയെങ്കിലും മതവികാരം വ്രണപ്പെടുത്താന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്ന് മന്ത്രി പറഞ്ഞു.

ആരുടെയെങ്കിലും മതവികാരത്തെ വ്രണപ്പെടുത്താന്‍ സര്‍ക്കാരിന് താല്‍പര്യമില്ല. ഇത്തരമൊരു കാര്യത്തിന് വര്‍ഗീയ നിറം നല്‍കാനുള്ള ശ്രമം അപലപനീയമാണെന്ന് മന്ത്രി ചൂണ്ടികാട്ടി. കേരളത്തില്‍ ആരും ഭക്ഷണവും മതവും തമ്മില്‍ കൂട്ടിക്കുഴയ്ക്കാറില്ലെന്ന് പറഞ്ഞ മന്ത്രി, ബീഫ് എന്നു പറയുന്നത് പശു മാംസം മാത്രമല്ല, പോത്ത് മാംസവും ഉള്‍പ്പെടുന്നതാണെന്നും മന്ത്രിപറഞ്ഞു. എന്നാല്‍ ചിലര്‍ ബീഫ് എന്നാല്‍ പശുവിറച്ചി മാത്രമാണെന്ന് വരുത്തിത്തീര്‍ക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ടൂറിസം വകുപ്പ് എന്തുകൊണ്ട് പോര്‍ക്ക് വിഭവത്തിന്റെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നില്ല എന്നാണ് വര്‍ഗീയത കണ്ടെത്താന്‍ ശ്രമിക്കുന്നവര്‍ ചോദിക്കുന്നത്. പോര്‍ക്ക് അടക്കം നിരവധി ഭക്ഷണ സാധനങ്ങളുടെ ചിത്രങ്ങള്‍ ടൂറിസം വകുപ്പിന്റെ വെബ്സൈറ്റില്‍ ഉണ്ട്. അതൊന്നും ഈ പറയുന്നവര്‍ കണ്ടിട്ടുണ്ടാവില്ല. പോര്‍ക്ക്, ബീഫ്, മത്സ്യം തുടങ്ങിയ വിഭവങ്ങളൊക്കെ ഇഷ്ടപ്പെടുന്നവരാണ് കേരളത്തിലെത്തുന്ന വിനോദസഞ്ചാരികളെന്നും മന്ത്രി പറഞ്ഞു.

ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതല്‍ സോഷ്യല്‍ മീഡിയ ഫോളോവേഴ്സ് ഉള്ള ടൂറിസം വകുപ്പാണ് കേരളത്തിലേതെന്നും മന്ത്രി പറഞ്ഞു. ഭക്ഷണവും ടൂറിസവുമായി ബന്ധപ്പെട്ട മറ്റെല്ലാ കാര്യങ്ങളും സോഷ്യല്‍ മീഡിയ ഉപയോഗിച്ച് ടൂറിസംവകുപ്പ് മാര്‍ക്കറ്റ് ചെയ്യാറുമുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ബീഫ് ഉലര്‍ത്തിയതിന്റെ പാചകക്കൂട്ട് പരിചയപ്പെടുത്തുന്ന കേരള ടൂറിസം വകുപ്പിന്റെ ട്വീറ്റാണ് വിവാദത്തിലായത്.കേരള ടൂറിസത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലാണ് ബുധനാഴ്ച ബീഫ് ഉലര്‍ത്തിയതിന്റെ ചിത്രവും കുറിപ്പും പോസ്റ്റ് ചെയ്യപ്പെട്ടത്. സുഗന്ധ വ്യഞ്ജനങ്ങളുടെ നാട്ടിലെ പ്രിയപ്പെട്ട വിഭവമാണിതെന്നും ട്വീറ്റില്‍ പറയുന്നു.

ട്വീറ്റിനെതിരെ തങ്ങളുടെ വിശ്വാസത്തെ വ്രണപ്പെടുത്തുന്നതാണെന്ന് വ്യക്തമാക്കി കമന്റുകളുമായി ഒരു സംഘമെത്തി. പശുവിനെ പൂജിക്കുന്ന കോടിക്കണക്കിന് ഭക്തരുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണ് കേരള ടൂറിസത്തിന്റെ നടപടിയെന്ന് വിശ്വഹിന്ദു പരിഷത്ത് ദേശീയ വക്താവ് വിനോദ് ബന്‍സാല്‍ ട്വീറ്റ് ചെയ്തു.

ബീഫിനെ പ്രോത്സാഹിപ്പിക്കുന്നു എന്നാരോപിച്ച് രംഗത്തെത്തിയവരില്‍ ഏറെയും ഇതരസംസ്ഥാനങ്ങളില്‍നിന്നുള്ളവരാണ്. അതേസമയം, ബീഫിന്റെ രുചി വിവരിച്ചുകൊണ്ടും ട്വീറ്റിനെ പിന്തുണച്ചുകൊണ്ടും മലയാളികളുടെ നിരവധി പ്രതികരണങ്ങളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

Top