രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കേരളം മികച്ച സ്‌കോറിലേക്ക്

ഗുവാഹത്തി: രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കേരളം മികച്ച സ്‌കോറിലേക്ക്. രണ്ടാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ കേരളം രണ്ടിന് 222 റണ്‍സെന്ന നിലയിലാണ്. 50 റണ്‍സെടുത്ത രോഹന്‍ പ്രേമിന്റെ വിക്കറ്റാണ് കേരളത്തിന് രാവിലെ നഷ്ടമായത്. രണ്ടാം വിക്കറ്റില്‍ കൃഷ്ണ പ്രസാദിനൊപ്പം രോഹന്‍ പ്രേം 84 റണ്‍സ് കൂട്ടിച്ചേര്‍ത്തിരുന്നു. 80 റണ്‍സുമായി കൃഷ്ണ പ്രസാദ് ക്രീസില്‍ തുടരുകയാണ്. നാല് റണ്‍സെടുത്ത സച്ചിന്‍ ബേബിയാണ് കൃഷ്ണ പ്രസാദിന് കൂട്ട്.

രഞ്ജി ട്രോഫിയില്‍ ഇന്നും പല മത്സരങ്ങളും വൈകുകയാണ്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ അതിശൈത്യമാണ് മത്സരങ്ങള്‍ വൈകാന്‍ കാരണം. ഉത്തര്‍പ്രദേശ് ബംഗാള്‍, തമിഴ്‌നാട് ത്രിപുര മത്സരങ്ങള്‍ ഇതുവരെ തുടങ്ങിയിട്ടില്ല. മേഘാലയ്‌ക്കെതിരെ ഹൈദരാബാദും മണിപ്പൂരിനെതിരെ വിദര്‍ഭയും ശക്തമായ നിലയിലാണ്.ഗുജറാത്തിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 264ന് മറുപടി പറയുന്ന കര്‍ണാടക വിക്കറ്റ് നഷ്ടമില്ലാതെ 93 റണ്‍സെടുത്തിട്ടുണ്ട്. ബറോഡയുടെ 218 റണ്‍സിന് മറുപടി നല്‍കുന്ന പുതുച്ചേരി അഞ്ചിന് 133 റണ്‍സെന്ന നിലയിലാണ്.

ഒന്നാം ദിനം വൈകി തുടങ്ങിയ മത്സരത്തില്‍ കേരളം ഒരു വിക്കറ്റിന് 141 റണ്‍സെടുത്തിരുന്നു. ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ രോഹന്‍ കുന്നുന്മേലിന്റെ ബാറ്റിംഗാണ് കേരളത്തെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. 95 പന്തുകള്‍ നേരിട്ട കുന്നുന്മേല്‍ 83 റണ്‍സെടുത്ത് പുറത്തായി. ആദ്യ വിക്കറ്റില്‍ കുന്നുന്മേലിനൊപ്പം കൃഷ്ണപ്രസാദ് 133 റണ്‍സ് കൂട്ടിച്ചേര്‍ത്തിരുന്നു.

Top