വില വർധന നേരിടാൻ തെലങ്കാനയിൽ നിന്ന് അരി എത്തിക്കാൻ കേരളം

സംസ്ഥാനത്ത് അരിവില വർധിച്ച സാഹചര്യത്തിൽ തെലങ്കാനയിൽ നിന്ന് അരി എത്തിക്കാൻ‌ സർക്കാരിന്റെ നീക്കം. മന്ത്രി ജി ആർ അനിൽ തെലങ്കാന ഭക്ഷ്യമന്ത്രി ഉത്തംകുമാർ റെഡ്ഢിയുമായി ഇതു സംബന്ധിച്ച് ചർച്ച നടത്തി. അരിയും മുളകും എത്തിക്കാൻ ധാരണ ആയെന്ന് ജി ആർ അനിൽ അറിയിച്ചു.

ഹൈദരാബാദിൽ ആയിരുന്നു മന്ത്രിമാരുടെ ചർച്ച. സപ്ലൈകോ ഉദ്യോഗസ്ഥരും തെലങ്കാന സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരുമായി തുടർ ചർച്ച ഉണ്ടാകും. വിപണിയിലേതിനെക്കാൾ കുറഞ്ഞ വിലയിൽ സാധനങ്ങൾ നൽകുമെന്ന് തെലങ്കാന അറിയിച്ചെന്നും മന്ത്രി ജി ആർ അനിൽ അറിയിച്ചു.

അരി കയറ്റുമതി വര്‍ധിച്ചതും കര്‍ഷകര്‍ കൂടുതല്‍ വില കിട്ടുന്ന അരി ഇനങ്ങളുടെ കൃഷിയിലേക്ക് മാറിയതുമൊക്കെയാണ് വില ഉയരാന്‍ കാരണമായത്. ആന്ധ്ര,തമിഴ്നാട്,പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് പ്രധാനമായും അരിയെത്തുന്നത്.

Top