കേരള പൊലീസിന് കുറഞ്ഞ നിരക്കില്‍ മൂന്ന് ഹെലികോപ്ടര്‍; വാഗ്ദ്ധാനവുമായി ചിപ്സാന്‍ ഏവിയേഷന്‍

തിരുവനന്തപുരം: കേരള പൊലീസിന് കുറഞ്ഞ നിരക്കില്‍ 3 ഹെലികോപ്റ്ററുകള്‍ നല്‍കാമെന്ന് ചിപ്സാന്‍ ഏവിയേഷന്‍.മൂന്ന് റീജിയണലുകളിലായിട്ട് ഒരു കോടി 44ലക്ഷം രൂപക്ക് 20 മണിക്കൂര്‍ വീതം പറത്താന്‍ മൂന്ന് ഹെലികോപ്റ്റര്‍ നല്‍കാമെന്നാണ് ചിപ്സാന്റെ വാഗ്ദ്ധാനം. അതേസമയം ഇതേ നിരക്കില്‍ ഒരു ഹെലികോപ്റ്റര്‍ മാത്രം വാടകയ്ക്ക് നല്‍കുന്ന പവന്‍ഹംസുമായി ധാരണയുണ്ടാക്കാന്‍ ആഭ്യന്തര വകുപ്പ് നീക്കം നടത്തി വരികയാണ്. ഇതിനിടെയാണ് ചിപ്സാന്‍ സര്‍ക്കാരിന് ഗുണകരമാകുന്ന നിര്‍ദേശം മുന്നോട്ട് വെച്ചിരിക്കുന്നത്.

ഡല്‍ഹി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മലയാളികളുടെ ഉടമസ്ഥതയിലുള്ള ചിപ്സാന്‍ ഏവിയേഷന്റെ അപേക്ഷ ഒരു മാസത്തിലേറെയായി ഡിജിപിയുടെ കൈവശമുണ്ട്. എന്നാല്‍ പൊതുമേഖല കമ്പനി എന്ന പരിഗണനയിലാണ് പവന്‍ഹംസുമായി ധാരണയുണ്ടാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഈ മാസം പത്തിന് പവന്‍ഹംസുമായി ധാരണാപത്രം ഒപ്പിടും.

പ്രകൃതിക്ഷോഭം പോലുള്ള ദുരന്തങ്ങള്‍ക്ക് രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ടാണ് ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കാന്‍ തീരുമാനിച്ചത്. പവന്‍ഹംസ് ലിമിറ്റഡിന്റെ, 10 പേര്‍ക്ക് സഞ്ചരിക്കാവുന്ന കോപ്റ്ററാണ് മാസവാടകയില്‍ സേനയ്ക്കായി എത്തുക. ഒന്നരക്കോടിയോളം രൂപയാണ് ഇതിന്റെ മാസവാടക. ഇതിനായി കേന്ദ്ര സര്‍ക്കാരിന്റെ ഫണ്ടാണ് ഉപയോഗിക്കുന്നത്.

പ്രളയകാലത്ത് ഹെലികോപ്റ്ററിന്റെ അപര്യാപ്ത രക്ഷാപ്രവര്‍ത്തനത്തെ വളരെയധികം ബാധിച്ചതിനാലാണ് സര്‍ക്കാര്‍ ഇങ്ങനെയൊരു തീരുമാനം കൈക്കൊണ്ടത്.

ഇടത്തരം ഇരട്ട എന്‍ജിന്‍ ഹെലികോപ്റ്ററായ എ.എസ്. 365 ഡൗഫിന്‍ എന്‍-3 ആണ് വാടകയ്ക്കെടുക്കുന്നത്. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഒട്ടേറെത്തവണ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് കോപ്റ്റര്‍ വാടകയ്ക്കെടുക്കാന്‍ തീരുമാനിച്ചത്.

Top