കേരളം കേന്ദ്ര സര്‍ക്കാരിനെ പഴിചാരുന്നത് പതിവാകുന്നു; കേന്ദ്രമന്ത്രി വി മുരളീധരന്‍

തിരുവനന്തപുരം: കേന്ദ്രം കേരളത്തെ ഞെരുക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ ആരോപണത്തിന് മറുപടിയുമായി കേന്ദ്രമന്ത്രി വി മുരളീധരന്‍. തെറ്റായ ആരോപണമാണ് മുഖ്യമന്ത്രി ഉന്നയിക്കുന്നത്. യുഡിഎഫും എല്‍ഡിഎഫും ജനങ്ങളെ പറ്റിക്കാനുള്ള സൗഹൃദ മത്സരമാണ് നടത്തുന്നതെന്നും സഹകരണാത്മക പ്രതിപക്ഷമാണ് കേരളത്തിലുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കേരളം കേന്ദ്ര സര്‍ക്കാരിനെ പഴിചാരുന്നത് പതിവാകുന്നു. സര്‍ക്കാരിന്റെ തന്ത്രമാണിത്. ഈ തന്ത്രം അധികകാലം വിലപ്പോവില്ല. കേന്ദ്രം കര്‍ഷകര്‍ക്ക് നല്‍കുന്ന പണം കൃഷിമന്ത്രി നല്‍കുന്നതാണെന്നാണ് അവകാശവാദം. കണക്ക് പുറത്തുവിടാന്‍ സര്‍ക്കാര്‍ തയ്യാറുണ്ടോയെന്നും അദ്ദേഹം വെല്ലുവിളിച്ചു. പുതുപ്പള്ളിയില്‍ എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് പൊതുയോഗങ്ങള്‍ ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മുഖ്യമന്ത്രി.

ഇതിനിടെയാണ് അദ്ദേഹം കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്. കടമെടുപ്പിന്റെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിനും കേരളത്തിനും രണ്ട് മാനദണ്ഡങ്ങളാണ് നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കിഫ്ബി വഴി എടുക്കുന്ന കടം സംസ്ഥാന സര്‍ക്കാരിന്റെ കടപരിധിയില്‍ ഉള്‍പ്പെടുത്തുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്.

കേന്ദ്രത്തിന്റെ കീഴിലുള്ള ദേശീയപാത അതോറിറ്റിയും കടമെടുക്കാറുണ്ട്. ഇത് കേന്ദ്രസര്‍ക്കാരിന്റെ കടമായി കൂട്ടാറില്ല. കേരളത്തോട് പ്രത്യേക മനോഭാവംവച്ച് പെരുമാറുന്നതിന്റെ ഭാഗമാണ് ഇത്തരം തീരുമാനങ്ങളെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Top