സന്തോഷ് ട്രോഫി പിടിക്കാന്‍ കേരളം ; ഇന്ന് കളത്തിലിറങ്ങും

ന്തോഷ് ട്രോഫി യോഗ്യതാ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. ആന്ധ്രപ്രദേശിനെ നേരിട്ടു കൊണ്ടാണ് കേരളം ഇത്തവണ കളി ആരംഭിക്കുക. കഴിഞ്ഞ വര്‍ഷം യോഗ്യത നേടാനാവാതിരുന്ന കേരളം ഇത്തവണ ബിനു ജോര്‍ജിനു കീഴില്‍ മികച്ച ടീമുമായാണ് ഇറങ്ങുന്നത്.

ദക്ഷിണ മേഖല മത്സരങ്ങള്‍ക്ക് കോഴിക്കോടാണ് ആതിഥ്യം വഹിക്കുക. രണ്ട് ഗ്രൂപ്പുകളിലായി ഏഴ് ടീമുകളാണ് ദക്ഷിണമേഖല യോഗ്യതാ മത്സരങ്ങളില്‍ കളിക്കുക. എ ഗ്രൂപ്പിലാണ് കേരളം ഉള്‍പ്പെട്ടിരിക്കുന്നത്. കേരളത്തിനും ആന്ധ്രപ്രദേശിനുമൊപ്പം തമിഴ്‌നാടാണ് ഗ്രൂപ്പ് എയില്‍ പോരടിക്കുക. വൈകിട്ട് നാലു മണിക്കാണ് മത്സരം.

കേരളത്തിന്റെ സ്വന്തം ഐലീഗ് ക്ലബ് ഗോകുലം കേരള എഫ്‌സിയില്‍ നിന്നാണ് കൂടുതല്‍ താരങ്ങളുള്ളത്. ആറു താരങ്ങളാണ് ഗോകുലത്തില്‍ നിന്ന് കേരള ജേഴ്‌സി അണിയുക. കേരള ബ്ലാസ്റ്റേഴ്‌സില്‍ നിന്നും എഫ്‌സി കേരളയില്‍ നിന്നും മൂന്നു താരങ്ങള്‍ വീതം ഉണ്ട്.

എസ്ബിഐ ഗോള്‍ കീപ്പര്‍ വി മിഥുനാണ് ടീമിനെ നയിക്കുക. കഴിഞ്ഞ നാലു സീസണുകളായി കേരള ടീമിന്റെ ഗോള്‍ കീപ്പറാണ് മിഥുന്‍. 2018 സീസണില്‍ 14 വര്‍ഷത്തിനു ശേഷം കേരളം സന്തോഷ് ട്രോഫി കിരീടത്തില്‍ മുത്തമിട്ടപ്പോള്‍ മിഥുനായിരുന്നു വിജയശില്പി.

ടീം: മിഥുന്‍ വി, സച്ചിന്‍ എസ് സുരേഷ്, അജിന്‍ ടോം, അലക്സ് സജി, റോഷന്‍ വി ജിജി, ഋഷിദുത്, വിഷ്ണു, എമില്‍ ബെന്നി, വിബിന്‍ തോമസ്, സഞ്‍ജു ജി, ശ്രീരാഗ് വി.ജി, ലിയോണ്‍ അഗസ്റ്റിന്‍, താഹിര്‍ സമാന്‍, ജിജോ ജോസഫ്, റിഷാദ്, അഖില്‍, ഷിഹാദ് നെല്ലിപ്പറമ്പന്‍, മൌസൂഫ് നിസാന്‍, ജിഷ്ണു ബാലകൃഷ്ണന്‍, ജിതിന്‍ എം.എസ്.

ജിതിന്‍ എം.എസ്, ജിഷ്ണു ബാലകൃഷ്ണന്‍, ഋഷിദുത് എന്നിവരാണ് മഞ്ഞപ്പടയില്‍ നിന്ന് സന്തോഷ് ട്രോഫി ടീമില്‍ എത്തിയത്. ബിനോ ജോര്‍ജാണ് പ്രധാന പരിശീലകന്‍. ടി.ജി പുരുഷോത്തമനാണ് സഹ പരിശീലകന്‍.

Top